Enter your Email Address to subscribe to our newsletters

Sabarimala, 18 നവംബര്‍ (H.S.)
ശബരിമലയില്‍ ഭക്തര്‍ക്കായുള്ള ക്രമീകരണങ്ങളില്‍ വ്യാപക പരാതി. ഇന്നലെ മുതല്‍ വലിയ ഭക്തജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ ഭക്തരാണ് ശബരിമലയിലേക്ക് ഒഴുകി എത്തുന്നത്. എന്നാല്‍ ഇത് നേരിടുന്നതിനുളള ഒരു ക്രമീകരണവും ശബരിമലയില്‍ ഇല്ല എന്നാണ് പരാതി ഉയരുന്നത്. ഇതോടെ 15 മണിക്കൂര്‍ വരെ ദര്‍ശനത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്.
പതിനെട്ടാം പടി വഴി ഭക്തരെ കയറ്റിവിടുന്നതില്‍ വേഗത കുറവാണ് പ്രധാന വീഴ്ച. മിനിറ്റില്‍ 90ന് മുകളില്‍ ഭക്തര്‍ പടി ചവിട്ടിയാല്‍ മാത്രമേ തിരക്ക് നിയന്ത്രണം സാധ്യമാവുകയുള്ളൂ. എന്നാല്‍ നിലവില്‍ 50ല്‍ താഴെ ഭക്തര്‍മാരാണ് പതിനെട്ടാം പടി കയറുന്നത്. ഇതുകൊണ്ട് തന്നെ ഭക്തരുടെ ക്യാ നീണ്ടു പോവുകയാണ്. നടപ്പന്തല്‍ നിറഞ്ഞ് ക്യൂ ശബരിപീഠത്തിലേക്ക് നീങ്ങുകയാണ്.
തിരക്ക് നിയന്ത്രണത്തിനായി കേന്ദ്രസേന ഇല്ലാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നടപന്തലില്‍ അടക്കം ക്യൂ നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ട്. കുട്ടികളടക്കം ഇതോടെ കുഴഞ്ഞു വീഴുന്ന അവസ്ഥയാണ് ശബരിമലയില്‍. നിലക്കലില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
നിലയ്ക്കലിലും നിയന്ത്രണങ്ങളില്‍ പാളിച്ച വന്നിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ ബാരിക്കേഡ് സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയുണ്ടാക്കുന്നത്. ബസിനുള്ളിലേക്ക് കയറിപ്പറ്റാന്‍ തീര്‍ത്ഥാടകര്‍ തിക്കുംതിരക്കും കൂട്ടുകയാണ്. പോലീസുകാരുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S