Enter your Email Address to subscribe to our newsletters

Kerala, 19 നവംബര്‍ (H.S.)
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനത്തില്‍ യുജിസി യോഗ്യതകള്‍ കര്‍ശനമായി പാലിക്കണമെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം. യോഗ്യതയില്ലാത്തവരുടെ നിയമനം തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാനാണ് നിര്‍ദേശങ്ങളെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
സര്‍വകലാശാലകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ മേഖലയിലും എയ്ഡഡ് മേഖലയിലും കോളജുകളുണ്ട്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെത്താന്‍ യുജിസി നെറ്റ് പാസായിരിക്കുകയോ പിഎച്ച്ഡിയോ വേണമെന്ന നിര്‍ദേശങ്ങള്‍ ഇത്തരം പല കോളജുകളിലും പാലിക്കപ്പെടുന്നില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് മുന്‍പ് പരാതി ഉയര്‍ന്നപ്പോള്‍ നടത്തിയ സിറ്റിംഗില്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപികയ്ക്ക് യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു.
സ്വാശ്രയ അധ്യാപക നിയമനങ്ങള്‍ക്കും യുജിസി അനുശാസിക്കുന്ന യോഗ്യതകള്‍ നിര്‍ബന്ധമാണെന്ന് കടുപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍. അധ്യാപകരുടെ പേരും യോഗ്യതകളും കോളജുകള്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് നിര്‍ദേശം. ചാന്‍സലറുടെ ഈ പുതിയ ഇടപെടല്‍ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K