Enter your Email Address to subscribe to our newsletters

Kerala, 19 നവംബര്‍ (H.S.)
ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയും തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മാരുടെ യോഗങ്ങൾ വിളിച്ചുചേർക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ നിർദ്ദേശം നൽകി. രാഷ്ട്രീയപാർട്ടികൾ നാമനിർദ്ദേശം ചെയ്യുന്നവർ ഉൾപ്പെടെ ബി എൽ ഓ മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് യോഗം..നിലവിൽ നടന്നുവരുന്ന SIR ൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അഭിനന്ദനം അറിയിച്ചു.
സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ബി.എൽ.ഒമാരുടെ ഫീൽഡ് തലത്തിലെ പരിശ്രമങ്ങൾ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കേൽക്കർ, ബി.എൽ.ഒമാരുടെ അക്ഷീണമായ പരിശ്രമങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞു. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകൾ (Untraceable Forms) തിരിച്ചറിയുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലുമുള്ള അവരുടെ ശ്രമങ്ങൾ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ബി.എൽ.ഒ മാർക്ക് വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ പരിശോധിച്ചുറപ്പിക്കാൻ കഴിയാത്ത ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്:
സ്ഥലം മാറിയവർ (Shifted).
മരണപ്പെട്ടവർ (Deceased).
ഇരട്ടിപ്പുകൾ (Duplicates) എന്നിവയാണ്.
ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം ഇപ്പോൾ 51,085 ആണ്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.18% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .
ഈ വിഷയത്തിൽ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കുന്നതിനുമായാണ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദ്ദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുമായി ചേർന്ന് അടിയന്തരമായി യോഗങ്ങൾ സംഘടിപ്പിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എല്ലാ ബി.എൽ.ഒമാർക്കും നിർദ്ദേശം നൽകിയത്.
ഈ സുപ്രധാനമായ യോഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി പങ്കെടുക്കണമെന്ന് ഡോ. രത്തൻ യു. കേൽക്കർ അഭ്യർത്ഥിച്ചു. കൃത്യമായ വോട്ടർ പട്ടിക ഉറപ്പുവരുത്തുന്നതിലൂടെ ജനാധിപത്യ പ്രക്രിയയെ ഉയർത്തിപ്പിടിക്കാൻ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനീഷ് ജോർജിന്റെ ആത്മഹത്യയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നേടിയിട്ടുണ്ട്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR