Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 നവംബര്‍ (H.S.)
കോർപ്പറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് ഇന്ന് നിർണായക ദിവസം. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിൽ അന്തിമ തീരുമാനം ഇന്നറിയാം. ഉച്ചയോടെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്.
കഴിഞ്ഞദിവസം മൂന്ന് മണിക്കൂറോളം നീണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ്ങിൽ വൈഷ്ണയുടെയും പരാതിക്കാരൻ ധനേഷ് കുമാറിൻ്റെയും വാദങ്ങൾ കേട്ടിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഹിയറിങ്. കമ്മീഷൻ്റെ ഭാഗത്ത് നിന്ന് പ്രതികൂല നിലപാട് ഉണ്ടായാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നാണ് പരാതി.
അതേസമയം തെരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ പേരു ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് കോർപറേഷനിലെ യുഡിഎഫിൻ്റെ മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വോട്ടർ പട്ടികയിൽനിന്ന് വി.എം. വിനുവിൻ്റെ പേര് നീക്കിയതിന് പിന്നിൽ സിപിഐഎമ്മാണെന്നാണ് കോൺഗ്രസ് ആരോപണം.
ഇതിനൊപ്പം വി.എം. വിനുവിന് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി. അവസരങ്ങളുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരുചേർക്കാൻ നടപടി സ്വീകരിച്ചില്ലെന്നും എആര്‍ഒ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR