ദേശവിരുദ്ധ ശക്തികളും സനാതന വിരുദ്ധ ശക്തികളും സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി ആർ‌എസ്‌എസിനെ എതിർക്കുന്നു: ബാബാ രാംദേവ്
Newdelhi, 2 നവംബര്‍ (H.S.) ന്യൂഡൽഹി: ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യത്തെ ചൊല്ലി രാഷ്ട്രീയ സ്വയംസേവക് സംഘവും കോൺഗ്രസ് പാർട്ടിയും തമ്മിലുള്ള വാക്പോരിനിടെ, രാജ്യദ്രോഹ ശക്തികളും സനാതന വിരുദ്ധ ശക്തികളും തങ്ങളുടെ ഒളിപ്പിച്ച അജണ്ടയും സ്വാർത്ഥ ലക്ഷ്
ദേശവിരുദ്ധ ശക്തികളും സനാതന വിരുദ്ധ ശക്തികളും സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി ആർ‌എസ്‌എസിനെ എതിർക്കുന്നു: ബാബാ രാംദേവ്


Newdelhi, 2 നവംബര്‍ (H.S.)

ന്യൂഡൽഹി: ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യത്തെ ചൊല്ലി രാഷ്ട്രീയ സ്വയംസേവക് സംഘവും കോൺഗ്രസ് പാർട്ടിയും തമ്മിലുള്ള വാക്പോരിനിടെ, രാജ്യദ്രോഹ ശക്തികളും സനാതന വിരുദ്ധ ശക്തികളും തങ്ങളുടെ ഒളിപ്പിച്ച അജണ്ടയും സ്വാർത്ഥ ലക്ഷ്യങ്ങളും നിറവേറ്റുന്നതിനാണ് സംഘടനയെ നിയമവിരുദ്ധമാക്കാൻ ആവശ്യപ്പെടുന്നതെന്ന് യോഗാ ഗുരു ബാബാ രാംദേവ് ഞായറാഴ്ച പറഞ്ഞു.

ആർഎസ്എസിനെ ആര്യസമാജവുമായി താരതമ്യം ചെയ്ത ബാബാ രാംദേവ്, ഡോ. ഹെഡ്‌ഗേവാറിൻ്റെയും സദാശിവറാവു ഗോൾവൽക്കറിൻ്റെയും മറ്റ് നേതാക്കളുടെയും രാജ്യത്തിനായുള്ള സംഭാവനകൾ എടുത്തു കാണിച്ചു. നിലവിൽ ദശലക്ഷക്കണക്കിന് സംഘപ്രവർത്തകർ രാജ്യത്തെ സേവിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആര്യസമാജത്തെപ്പോലെ, ആർഎസ്എസും ഒരു ദേശീയ സംഘടനയാണ്, അതിൽ ഡോ. ഹെഡ്‌ഗേവാർ മുതൽ സദാശിവറാവു ഗോൾവൽക്കർ വരെയുള്ള നിരവധി മഹാൻമാർ തപസ്സനുഷ്ഠിച്ചിട്ടുണ്ട്. ഇന്നും ദശലക്ഷക്കണക്കിന് സംഘപ്രവർത്തകർ രാജ്യത്തിനായി പ്രവർത്തിക്കുന്നു. രാജ്യദ്രോഹ ശക്തികളും, സനാതന വിരുദ്ധ ശക്തികളും ആർഎസ്എസിനെയോ ഏതെങ്കിലും ഹിന്ദുത്വ ശക്തിയേയോ എതിർക്കുമ്പോൾ, അതിനു പിന്നിൽ അവർക്ക് ചില ഒളിപ്പിച്ച അജണ്ടകളും സ്വാർത്ഥ ലക്ഷ്യങ്ങളുമുണ്ടാകും, ബാബാ രാംദേവ് പറഞ്ഞു.

ആർഎസ്എസിനെ നിരോധിക്കാനുള്ള സർദാർ വല്ലഭായ് പട്ടേലിൻ്റെ 1948-ലെ തീരുമാനം ഉദ്ധരിച്ച്, ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം ആർഎസ്എസ് ആണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാദിച്ചതോടെയാണ് വീണ്ടും വിവാദം ആളിക്കത്തിയത്. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ നേരത്തെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കോൺഗ്രസ് തീരുമാനത്തിനെതിരെ കോടതി രംഗത്ത് വന്നിരുന്നു. അനുമതിയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ 10-ൽ അധികം ആളുകൾ പങ്കെടുക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ യോഗങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിന്മേൽ ഒക്ടോബർ 28-ന് കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് ഇടക്കാല സ്റ്റേ ഏർപ്പെടുത്തി.

ആർഎസ്എസിനെതിരെ പുതിയ നിയമങ്ങൾ ആവിഷ്കരിക്കുന്നത് സംസ്ഥാനം പരിഗണിക്കുന്നുണ്ടെന്നും, സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കുന്ന നിലവിലെ നിയമങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും പ്രിയങ്ക് ഖാർഗെ അറിയിച്ചു.

സംഘടനയുടെ അഖിൽ ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിൻ്റെ രണ്ടാം ദിവസത്തിനുശേഷം ജബൽപൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനകൾക്ക് മറുപടി നൽകി. ഏതൊരു നിരോധനത്തിനും കൃത്യമായ കാരണം വേണമെന്നും, അതിന് വേണ്ടി ആവശ്യമുന്നയിക്കുന്നവർ മുൻപ് പരാജയപ്പെട്ട ശ്രമങ്ങളിൽ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരോധനത്തിന് പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കണം. രാഷ്ട്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർഎസ്എസിനെ നിരോധിക്കുന്നതിലൂടെ എന്ത് നേടാനാണ്? ആർഎസ്എസിനെ പൊതുജനം ഇതിനോടകം അംഗീകരിച്ചുകഴിഞ്ഞു, ഹൊസബാലെ പറഞ്ഞു.

100 വർഷം പഴക്കമുള്ള ആർഎസ്എസ് രാജ്യത്തുടനീളം സാമൂഹിക സേവനങ്ങൾ ചെയ്യുന്നു. സംഘടന രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നുണ്ടെങ്കിലും, ആർഎസ്എസിലെ ചില നേതാക്കളാണ് 1980-ൽ ബിജെപി രൂപീകരിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് തവണ സംഘടനയെ നിരോധിച്ചിട്ടുണ്ട്. 1948-ൽ നാഥുറാം ഗോഡ്‌സെ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ആദ്യമായി നിരോധിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു, അത് ഒരു വർഷത്തിന് ശേഷം പിൻവലിച്ചു. ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല. രണ്ടാമതായി, 1975-ൽ അടിയന്തരാവസ്ഥ കാലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് നിരോധനം ഏർപ്പെടുത്തിയത്. മൂന്നാമതായി, ബാബരി മസ്ജിദ് പൊളിച്ചതിനെ തുടർന്ന് 1992-ൽ നിരോധനം ഏർപ്പെടുത്തി. മൂന്ന് തവണയും, തെറ്റായ കാരണങ്ങൾ കൊണ്ടാണ് നിരോധനം എന്നുള്ളത് കൊണ്ട് പിൻവലിക്കുകയായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News