കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു; വിട പറഞ്ഞത് ലോലന്റെ സൃഷ്ടാവ്
Kottayam, 2 നവംബര്‍ (H.S.) മലയാള കാര്‍ട്ടൂണ്‍ രംഗത്ത് ഒറ്റ കഥാപാത്രം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ്) കോട്ടയത്ത് അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു. സംസ്കാരച്ചടങ്ങുകള്‍ നവംബര്‍ 3 തിങ്കളാഴ
Cartoonist Chellan


Kottayam, 2 നവംബര്‍ (H.S.)

മലയാള കാര്‍ട്ടൂണ്‍ രംഗത്ത് ഒറ്റ കഥാപാത്രം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ്) കോട്ടയത്ത് അന്തരിച്ചു. അദ്ദേഹത്തിന് 77 വയസായിരുന്നു.

സംസ്കാരച്ചടങ്ങുകള്‍ നവംബര്‍ 3 തിങ്കളാഴ്ച്ച വടവാതൂരില്‍ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. 'ലോലൻ' എന്ന ഒറ്റ കഥാപാത്രം കൊണ്ടുതന്നെ പ്രശസ്തനായ ഒരേയൊരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ മലയാളി സമൂഹത്തില്‍ പ്രത്യേകം അംഗീകരിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലന്‍ സൃഷ്ടിച്ച ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവര്‍ എന്‍ഡിങ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുന്‍പാണ് ചെല്ലന്റെ മടക്കം.

ചെല്ലന്റെ സൃഷ്ടി 'ലോലൻ' കേരള കാര്‍ട്ടൂണ്‍ രംഗത്ത് ഏറെ പ്രശസ്തമായ കഥാപാത്രമാണ്. ലോലൻ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്ബസുകളില്‍ ചിരിയുടെ അലകള്‍ തീര്‍ത്തു. ലോലന്റെ ബെല്‍ ബോട്ടം പാന്റും വ്യത്യസ്ത ഹെയര്‍ സ്റ്റൈലും, ഭാവഹാവാദികളും കോളജ് വിദ്യാർത്ഥികള്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും പ്രചാരത്തിലായിരുന്നുവെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയർപേഴ്സണ്‍ സുധീര്‍ നാഥ് അനുസ്മരിച്ചു.

1948-ല്‍ പൗലോസിന്റെയും മാർത്തയുടേയും മകനായി ജനിച്ച ചെല്ലന്‍, 2002-ല്‍ കെ.എസ്.ആർ.ടി.സി.-യില്‍ നിന്ന് പെയിന്ററായി വിരമിച്ചു. പിന്നീട് കോട്ടയം വടവാതൂരില്‍ വിശ്രമജീവിതം നയിച്ചിരുന്നു. ഭാര്യ മറിയാമ്മ ഫിലിപ്പ്. മകൻ: സുരേഷ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News