Enter your Email Address to subscribe to our newsletters

Kerala, 2 നവംബര്‍ (H.S.)
കോഴിക്കോട് ∙ പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ റാലിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർക്ക് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട്. വടകര ഡിവൈഎസ്പിയുടെ കയ്യിൽനിന്ന് ഗ്രനേഡ് അബദ്ധത്തിൽ താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന പ്രാഥമിക കണ്ടെത്തൽ കോടതി ശരിവച്ചു. ഡിവൈഎസ്പി തന്നെ നൽകിയ ആദ്യമൊഴിയിൽ ഗ്രനേഡിന്റെ പിന്ന് അയഞ്ഞു വീണതാണെന്നു സമ്മതിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം, യുഡിഎഫ് പ്രവർത്തകർ ഗ്രനേഡ് എറിഞ്ഞെന്ന് ആരോപിച്ച് പുതിയ കേസ് റജിസ്റ്റർ ചെയ്തത് പൊലീസിന്റെ വീഴ്ച മറയ്ക്കാനുള്ള ശ്രമം മാത്രമാണെന്ന് കോടതി വിലയിരുത്തി.
പ്രതിഷേധക്കാർ പൊലീസിനുനേരെ ഗ്രനേഡ് എറിഞ്ഞെന്ന പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി, പ്രകോപനം ഒന്നുമില്ലാതെയാണ് പൊലീസ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കളെ മർദിച്ചതെന്നും പറഞ്ഞു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആയതുകൊണ്ടു മാത്രം ഇവരെ കേസിൽ പ്രതികളാക്കി എന്ന ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി കണ്ടെത്തി.
ഗ്രനേഡ് പൊട്ടിയ സംഭവത്തിനു പിറ്റേന്ന് പൊലീസുകാർക്ക് ഗ്രനേഡ് എറിയുന്നതിൽ പ്രത്യേകം പരിശീലനം നൽകാൻ പൊലീസ് മേധാവികൾ സർക്കുലർ ഇറക്കിയതു യുഡിഎഫ് അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഷാഫിയുടെയും മുഖത്തു പരുക്കേറ്റ നിയാസ് എന്ന പ്രവർത്തകന്റെയും മെഡിക്കൽ രേഖകളും കോടതിയിൽ ഹാജരാക്കി.
2 യുഡിഎഫ് പ്രവർത്തകർ കൂടി അറസ്റ്റിൽ കസ്റ്റഡിയിലുള്ളവരെ കാണാനെത്തിയ ജില്ലാ പഞ്ചായത്ത് അംഗത്തെയും അറസ്റ്റ് ചെയ്തു
ഷാഫി പറമ്പിൽ എംപിക്കു പൊലീസ് മർദനമേറ്റ യുഡിഎഫ് – എൽഡിഎഫ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ 2 യുഡിഎഫ് പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ നാലോടെ വീടുകളിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇവരെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി.ദുൽഖിഫിലിനെ പൊലീസ് മർദിച്ചതായി പരാതിയുണ്ട്.
---------------
Hindusthan Samachar / Roshith K