Enter your Email Address to subscribe to our newsletters

Kerala, 2 നവംബര്‍ (H.S.)
തിരുവനന്തപുരം / കോഴിക്കോട് ∙ അനധികൃതമായി ജോലിക്കു ഹാജരാകാത്ത കൊടുവള്ളി നഗരസഭാ സെക്രട്ടറിയെ അടിയന്തരമായി സ്ഥലം മാറ്റാനും തുടർനടപടികൾ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തദ്ദേശ വകുപ്പ് സെക്രട്ടറിക്കു നിർദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ഇതു സംബന്ധിച്ചു രാഷ്ട്രീയപാർട്ടികൾ കമ്മിഷനു പരാതി നൽകിയിരുന്നു.
യുഡിഎഫ് വോട്ടർമാരെ രാഷ്ട്രീയപ്രേരിതമായി കൂട്ടത്തോടെ വോട്ടർ പട്ടികയിൽ നിന്നു വെട്ടിമാറ്റിയതായി പരാതി ഉയർന്നിരുന്നു. പട്ടികയുമായി ബന്ധപ്പെട്ട രേഖകൾ ഓഫിസിൽ നിന്നു കാണാതാകുകയും ചെയ്തു. 10 ദിവസമായി ഓഫിസിൽ ഹാജരാകാത്ത സെക്രട്ടറിയെ ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു നൽകിയ പരാതിയിലാണ് അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തത്.
നഗരസഭാധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തദ്ദേശ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, സീനിയർ സൂപ്രണ്ട് യു.കെ.രാജൻ എന്നിവർ ഇന്നലെ നഗരസഭാ ഓഫിസിൽ പരിശോധന നടത്തി കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. കലക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന് അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യുകയായിരുന്നു.
---------------
Hindusthan Samachar / Roshith K