Enter your Email Address to subscribe to our newsletters

Tamilnadu, 20 നവംബര്‍ (H.S.)
തൂത്തുക്കുടിയില്‍ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമാണ്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൂത്തുക്കുടി സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ന്യൂപോർട്ട് ബീച്ചിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പരിക്കേറ്റ ഡോക്ടർമാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്ബത്തൂർ സ്വദേശി എസ്.സരൂബൻ (23), പുതുക്കോട്ടയിലെ പി.രാഹുല്‍ ജെബാസ്റ്റ്യൻ (23), തിരുപ്പത്തൂർ സ്വദേശി എസ്.മുകിലൻ (23) എന്നിവരാണ് മരിച്ചത്. മൂവരും ടി.കെ.ജി.എം.സി.എച്ചില്‍ മെഡിക്കല്‍ പരിശീലനം നേടുകയായിരുന്നു. പരിക്കേറ്റ തൂത്തുക്കുടി സ്വദേശി ആർ.കിരുത്തിക്ക് കുമാർ (23), തിരുപ്പത്തൂർ സ്വദേശി ശരണ്‍ (23) എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോലീസ് പറയുന്നതനുസരിച്ച്, പുലർച്ചെയാണ് അപകടം നടന്നത്. സരൂബൻ ഓടിച്ചിരുന്ന സെഡാൻ ആണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് കനത്ത മഴ ആയിരുന്നു. സൗത്ത് ബീച്ച് റോഡിലൂടെ പോകുകയായിരുന്ന കാർ അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നതിനാല്‍ വഴുക്കലുള്ള പ്രതലത്തില്‍ തെന്നിമാറിയതാകാമെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാരിക്കേഡിന് സമീപമുള്ള വളവില്‍ നിയന്ത്രണം വിട്ട വാഹനം റോഡില്‍ നിന്ന് തെന്നിമാറി റോഡരികിലെ ഒരു മരത്തില്‍ ഇടിച്ചതായി റിപ്പോർട്ടുണ്ട്. വഴിയാത്രക്കാർ ആണ് തൂത്തുക്കുടി സൗത്ത് പോലീസിനെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ജീവനക്കാരെയും വിവരമറിയിച്ചത്. അവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. തകർന്ന കാറില്‍ നിന്ന് പരിക്കേറ്റവരെ ഉദ്യോഗസ്ഥർ പുറത്തെടുക്കുകയായിരുന്നു.
പരിക്കുകള്‍ ഗുരുതരമായതിനാല്‍ സരൂബനും രാഹുല്‍ ജെബാസ്റ്റ്യനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുകിലനെ ഉടൻ തന്നെ മറ്റ് രണ്ടുപേർക്കൊപ്പം ടി.കെ.ജി.എം.സി.എച്ചിലേക്ക് മാറ്റിയിരുന്നു എങ്കിലും എത്തിച്ചേർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നും അടിയന്തര ശ്രമങ്ങള്‍ നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഗുരുതര പരിക്കുകളോടെ കിരുത്തിക്ക് കുമാർ, ശരണ്‍ എന്നിവർ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തൂത്തുക്കുടി സൗത്ത് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അമിത വേഗതയാണോ മഴയെ തുടർന്നുണ്ടായ റോഡ് കാണാൻ പറ്റാത്ത അവസ്ഥ ആണോ റോഡിലെ വഴുക്കലാണോ അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. കരിയർ ആരംഭിച്ച മൂന്ന് യുവ ഡോക്ടർമാരുടെ പെട്ടെന്നുള്ള വിയോഗത്തില്‍ സഹ വിദ്യാർത്ഥികളും ഫാക്കല്‍റ്റി അംഗങ്ങളും ദുഃഖം രേഖപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR