Enter your Email Address to subscribe to our newsletters

Kochi, 20 നവംബര്‍ (H.S.)
മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തണമെന്ന ആഹ്വാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി അഭിഭാഷകന്‍.
സുപ്രീംകോടതി അഭിഭാഷകനായ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. കന്യാസ്ത്രീയായ ടീന ജോസിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. ടീന ജോസിനെതിരെ ഡിജിപിക്ക് മറ്റൊരു സുപ്രീംകോടതി അഭിഭാഷകൻ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും' എന്നായിരുന്നു ഇവരുടെ കമന്റ്.
സംഭവം വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റെ അംഗത്വം 2009-ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന ജോസ് എന്നുമാണ് സിഎംസി സന്യാസിനി സമൂഹം പറയുന്നത്. ടീന ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും ടിഎംസി സമൂഹത്തിന് അതില്‍ പങ്കില്ലെന്നും അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. സാബു ജേക്കബിൻ്റെ ട്വൻ്റി-20യുടെ കടുത്ത പ്രചാരകയാണ് ടീന എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പാർട്ടി ഇത് തള്ളിയിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR