Enter your Email Address to subscribe to our newsletters

Ernakulam, 20 നവംബര്‍ (H.S.)
വിമാനത്താവള പരിസരങ്ങളില്‍ സ്വർണം പിടിക്കാൻ പോലീസിന് നിയമപരമായ അധികാരമില്ലെന്ന് വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു.
കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്.വിമാനത്താവളം കസ്റ്റംസിന്‍റെ നിയന്ത്രണത്തിലുളള പ്രദേശമാണ്.
സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിലുണ്ട്.
എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. വിമാനത്താവളത്തില്‍ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രം.
കോഴിക്കോട് കസ്റ്റംസ് (പ്രിവൻറീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്.
'പിടിച്ചെടുത്ത സ്വർണം പൊലീസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്‌ട്രേറ്റിൻറെ അനുമതി വാങ്ങാതെ പൊലീസ് വ്യക്തികളുടെ എക്‌സറേ എടുക്കുന്നു. പൊലീസിന്റെ ഈ നടപടി നിയമവിരുദ്ധം. പൊലീസ് പിടിച്ച സ്വർണക്കടത്ത് കേസുകള്‍ കസ്റ്റംസിന് കൈമാറുന്നില്ല എന്നും സത്യവാങ്മൂലത്തിലുണ്ട്.
കരിപ്പൂർ സ്റ്റേഷനില്‍ മാത്രം 170 സ്വർണക്കടത്ത് കേസുകളുണ്ട്. കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയില്‍ നിന്നാണ്. പൊലീസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുർബ്ബലപ്പെടുത്തുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR