വൈഷ്ണയുടെ പേര് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രൻ എന്ന് സംശയം: കെ മുരളീധരൻ
Thiruvananthapuram, 20 നവംബര്‍ (H.S.) മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പതിമൂന്നാം തിയതി ആര്യാ രാജേന്ദ്രന്‍ നഗരസഭ
K Muralidharan


Thiruvananthapuram, 20 നവംബര്‍ (H.S.)

മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

പതിമൂന്നാം തിയതി ആര്യാ രാജേന്ദ്രന്‍ നഗരസഭയില്‍ എത്തിയതായി സൂചനയുണ്ടെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മേയര്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ലെന്നും വോട്ട് വെട്ടിയതിന് പിന്നില്‍ പല ആളുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'വോട്ട് വെട്ടിയതിന് പിന്നില്‍ ആരൊക്കെയോ ഉണ്ട്. അല്ലെങ്കില്‍ ഇത്ര നഗ്നമായ നടപടിയുണ്ടാകില്ല. നഗരസഭ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ട്. വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. മേയര്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ല. വോട്ടര്‍ പട്ടികയില്‍ പേര് പരിശോധിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എന്ന് ശിവന്‍കുട്ടി പറഞ്ഞിട്ടുണ്ട്. ശിവന്‍കുട്ടിയുടെ ഇന്നലത്തെ പ്രസ്താവന കണ്ടപ്പോള്‍ ശിവന്‍കുട്ടി ഉള്‍പ്പെടെ ഇതിന് പിന്നിലുണ്ട് എന്ന സംശയമുണ്ട്': കെ മുരളീധരന്‍ പറഞ്ഞു. എന്തിനാണ് ഇത്രയും നാണംകെട്ട കളിയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളാണ് പരമാധികാരിയെന്നും അവര്‍ തീരുമാനമെടുക്കട്ടെ എന്നും മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി എം വിനുവിന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ എല്ലാ കാര്യവും നോക്കുന്ന ക്യാപ്റ്റന്‍ തന്നെയാണ് മുഖ്യമന്ത്രിയെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന്റെ മുഖ്യകാരണവും ഇതേ ക്യാപ്റ്റന്‍ തന്നെയാകുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഉത്തരവിറക്കിയിരുന്നു. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച്‌ സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News