Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 നവംബര്‍ (H.S.)
മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരുവനന്തപുരത്തെ പ്രധാന സിപിഐഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
'അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം. അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഗൂഢാലോചനയില്‍ പങ്കാളിയായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം', വി ഡി സതീശന്‍ പറഞ്ഞു. അതേസമയം വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപിച്ചിരുന്നു.
പതിമൂന്നാം തിയതി ആര്യാ രാജേന്ദ്രന്‍ നഗരസഭയില്‍ എത്തിയതായി സൂചനയുണ്ടെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മേയര്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ലെന്നും വോട്ട് വെട്ടിയതിന് പിന്നില്‍ പല ആളുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് നീക്കിയ നടപടി റദ്ദാക്കി വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും വൈഷ്ണയ്ക്ക് അനുകൂല വിധി ഉണ്ടാകുകയും വോട്ട് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയുമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR