Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 നവംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2019ല്‍ ശബരിമലയില്‍ നടന്ന തിരിരമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.
എന്‍ വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ സിപിഎം കടുത്ത ആശങ്കയിലാണ്. വാസുവിന്റെ അറസ്റ്റുവരെ ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന ന്യായീകരണത്തില്‍ പിടിച്ചു നിന്നു എങ്കില്‍ ഇനി അത് സാധ്യമല്ലാത്ത അവസ്ഥയിലാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികള്‍ പത്മകുമാറിന് എതിരായിരുന്നു. സിപിഎം നോമിനി തന്നെ ശബരിമലയിലെ സ്വര്‍ണക്കൊള്ളക്ക് നേതൃത്വം നല്‍കി എന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. പ്രത്യേകിച്ചും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.
പത്മകുമാറില്‍ എത്തിയ അറസ്റ്റും അന്വേഷണവും അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനിലേക്കും എത്തുമോ എന്ന ആശങ്കയും സിപിഎമ്മിലുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുളള അന്വേഷണമായതിനാല്‍ ഒരു രാഷ്ട്രീയ ഇടപെടലും സാധ്യമല്ലാത്ത സ്ഥിതിയാണ്. പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ട് ദേവസ്വം പ്രസിഡന്റുമാരും അറസ്റ്റിലാണ്. മറ്റൊരു പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ പേരിലും ആരോപണമുണ്ട്. ഇതെല്ലാം എങ്ങനെ ന്യായീകരിക്കും എന്നാണ് സിപിഎം തലപുകയ്ക്കുന്നത്.
---------------
Hindusthan Samachar / Sreejith S