Enter your Email Address to subscribe to our newsletters

Angamaly, 20 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ ആഞ്ഞടിച്ച് സിറോ മലബാർ സഭ മീഡിയ കമ്മീഷൻ്റെ പ്രസ്താവന. വിശ്വാസികൾ വോട്ട് ചെയ്യേണ്ടത് ക്രൈസ്തവരെ സംരക്ഷിക്കുകയും ചേർത്തു നിർത്തുകയും ചെയ്തവർക്ക് ആയിരിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. മുനമ്പം മുതൽ കോശി കമ്മീഷൻ റിപ്പോർട്ട് വരെ എണ്ണിപ്പറഞ്ഞ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും പ്രസ്താവനയിൽ ഉയർത്തുന്നു.
ഭിന്നശേഷി വിഷയത്തിൽ സർക്കാരിൻ്റേത് ഇരട്ട നീതിയാണെന്നും വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ അനങ്ങാപ്പാറ നയമാണ് ഇതുവരെ സർക്കാർ സ്വീകരിച്ചതെന്നും സഭയുടെ മീഡിയ കമ്മീഷൻ പറഞ്ഞു. 'ക്രൈസ്തവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും!' എന്ന തലക്കെട്ടിൽ ആണ് മീഡിയ കമ്മീഷൻ നവമാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കുന്നത്. അധികാര മോഹികളും, നിക്ഷിപ്ത താല്പര്യക്കാരും, നീതിപൂർവമായ നിലപാടുകളെടുക്കാൻ ധൈര്യമില്ലാത്തവരും, സംഘടിത ശക്തികളിലൂടെ മുൻപിൽ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും!
ആരെ തെരഞ്ഞെടുക്കണമെന്നും ഏതു മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവർ തീരുമാനിക്കേണ്ടത് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ- മതംനോക്കിയൊന്നും വേണ്ട, ക്രൈസ്തവർ ഉയർത്തിയ തികച്ചും നീതിപൂർവകമായ ആവശ്യങ്ങളോട് ആരൊക്കെ എങ്ങനെ പ്രതികരിച്ചു എന്നത് നോക്കിയായിരിക്കണം. മുനമ്പം വിഷയത്തിലെ അനീതിനിറഞ്ഞ പക്ഷംചേരൽ, കോശി കമ്മീഷൻ റിപ്പോർട്ട്, ന്യുനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 എന്ന അന്യായമായ അനുപാതം, ക്രൈസ്ത സ്ഥാപനങ്ങൾക്കു നേരെ നടന്ന അധിനിവേശ ശ്രമങ്ങളിൽ പുലർത്തിയ കുറ്റകരമായ മൗനം, ഭിന്നശേഷി വിഷയത്തിലെ ഇരട്ട നീതി, മലയോര കർഷകരോടുള്ള സമീപനം, വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ നാളിതുവരെ പുലർത്തുന്ന അനങ്ങാപ്പാറ നയം, ഇ. ഡബ്ബ്‌ളിയൂ. എസ് സംവരണം, ഇങ്ങനെ നിരവധിയുണ്ട് വോട്ട് കുത്തും മുൻപ് ജനാധിപത്യ ബോധവും, ഉത്തരവാദിത്വവുമുള്ള പൗരന്മാർ എന്ന നിലയിൽ ചിന്തിക്കാൻ വിഷയങ്ങൾ. ഒരു മത രാഷ്ട്രമായല്ല മതേതര രാജ്യമായി ഇന്ത്യയെ സൂക്ഷിക്കാൻ നമുക്ക് ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ടെന്നത് മറക്കാതിരിക്കാം. ഇനിയും ഇതൊന്നും ചിന്തിക്കാതെ ഏതെങ്കിലും മുന്നണിയുടെ രാഷ്ട്രീയ നുകത്തിന്റെ കീഴെ കഴുത്തു വയ്ക്കാനാണ് ഭാവമെങ്കിൽ ആ ചിന്തയില്ലായ്മയ്ക്കു നാം വലിയ വില കൊടുക്കേണ്ടിവരും.
ഓരോ തുള്ളി ജലവും അമൂല്യമാണെന്നാണല്ലോ പരസ്യം, ജലം മാത്രമല്ല ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയിൽ അമൂല്യമാണ്, പാഴാക്കിയാൽ പിന്നീട് ദുഃഖിക്കേണ്ടിവരും, എന്നും പ്രസ്താവനയിൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR