Enter your Email Address to subscribe to our newsletters

Idukki, 21 നവംബര്‍ (H.S.)
ചെറുതോണിയില്‍ പ്ലേ സ്കൂളിലെ സ്കൂള്‍ ബസിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബാലാവകാശ കമ്മീഷൻ.
സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂള്‍ മാനേജ്മെന്റ് ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഗിരിജ്യോതി പ്ലേ സ്കൂളിലെ വിദ്യാർത്ഥിയായ ഹെയ്സല്‍ ബെൻ (4) ആണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സ്കൂള്‍ മുറ്റത്ത് വെച്ചാണ് അപകടമുണ്ടായത്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ പൂർണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.
സ്കൂളിന്റെ വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും കുട്ടികളെ ശ്രദ്ധിക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്കൂള്‍ അധികൃതർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സ്കൂള്‍ പരാജയപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദമായി അന്വേഷിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നെന്നും അപകടത്തിന്റെ ഞെട്ടലില്‍ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂള്‍ അധികൃതർ പറഞ്ഞു. സ്കൂള്‍ ബസില്‍ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു.
തൊട്ടുപിന്നില്‍ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാല്‍പാദത്തിന് പരിക്കേറ്റ ഇനയ എന്ന കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR