കൊല്ലം ഓച്ചിറയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം;തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്
Kollam, 21 നവംബര്‍ (H.S.) കൊല്ലം ഓച്ചിറയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് മധുര മുനിയാണ്ടിപുരം വടിവേലു (45) ആണ് പിടിയിലായത്. 2024 മാര്‍ച്ചിലാണ് പ്രതി അവസാനമായി മോഷണം നടത്തി നാട്ടില്‍ നിന
Theft case


Kollam, 21 നവംബര്‍ (H.S.)

കൊല്ലം ഓച്ചിറയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് മധുര മുനിയാണ്ടിപുരം വടിവേലു (45) ആണ് പിടിയിലായത്.

2024 മാര്‍ച്ചിലാണ് പ്രതി അവസാനമായി മോഷണം നടത്തി നാട്ടില്‍ നിന്ന് മുങ്ങുന്നത്. ഇന്നലെ രാത്രിയിലാണ് പ്രതി കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. വീടിന്റെ അടുക്കള വാതില്‍ പൊളിച്ച്‌ അകത്തുകയറി 6 പവനോളം സ്വര്‍ണവും 15,000 രൂപയുമാണ് പ്രതി കൈക്കലാക്കി നാട്ടില്‍ നിന്ന് മുങ്ങിയത്.

പൊലീസിന് സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളമാണ് കേസിലെ തുമ്ബായത്. ശാസ്ത്രീയമായി പരിശോധിച്ചതില്‍ തമിഴ്‌നാട് സ്വദേശി വടിവേലുവിന്റെതാണെന്ന് തിരിച്ചറിഞ്ഞു. മധുരയില്‍ എത്തിയ പൊലീസ് സംഘത്തിന് കുപ്രസിദ്ധമായ തിരുട്ട് ഗ്രാമത്തില്‍ നിന്ന് പ്രതിയെ പിടികൂടല്‍ ദുസ്സഹമായിരുന്നു. ദിവസങ്ങളോളം അവിടെ തങ്ങിയ പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വടിവേലുവിന് തമിഴ്‌നാട്ടില്‍ മാത്രം 25 ഓളം മോഷണ കേസുകള്‍ ഉണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ലോറികളില്‍ ജോലിക്കായി വന്നു മോഷണം നടത്തി അതേ ലോറിയില്‍ തിരികെ പോകുന്നതാണ് ഇയാളുടെ മോഷണ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവതില്‍ കണ്ണംപള്ളി സെന്‍റ് മാത്യൂസ് എല്‍പി സ്കൂളില്‍ മോഷണം നടന്നു. കതകിന്‍റെ പൂട്ടു തകർത്ത് ഉള്ളില്‍ കടന്ന മോഷ്ടാവ് ഓഫീസിലെയും ക്ലാസ് മുറികളിലെയും മേശകളും അലമാരകളും മറ്റും കുത്തിത്തുറന്ന് അലങ്കോലമാക്കിയെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പെരുനാട് പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മോഷ്ടാവ് ഉടൻ പിടിയിലാകുമെന്നാണ് പെരുനാട് പോലീസ് നല്‍കുന്ന സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News