Enter your Email Address to subscribe to our newsletters

Kerala, 21 നവംബര്‍ (H.S.)
ഇരിട്ടി∙ വൃക്കവാഗ്ദാനം നടത്തി രോഗിയെയും ചികിത്സാസഹായ കമ്മിറ്റിയെയും കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വീർപ്പാട് സ്വദേശി നൗഫലാ(സത്താർ – 32)ണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ നിബിൻ (അപ്പു), ഗഫൂർ എന്നിവർക്കായി തിരച്ചിൽ ശക്തമാക്കി. വൃക്കരോഗിയായ പട്ടാന്നൂർ സ്വദേശി ഷാനിഫിന്റെ ചികിത്സയ്ക്കായി ജനകീയ കമ്മിറ്റി സ്വരൂപിച്ച 6 ലക്ഷം രൂപ ഡോണറെ നൽകാമെന്നു വിശ്വസിപ്പിച്ചു തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
നൗഫൽ ഷാനിഫിനെ സമീപിച്ച് നിബിനെ ഡോണറായി പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വൃക്കകൾ തകരാറിലായ ഷാനിഫിന് മാതാവിന്റെ വൃക്ക മാറ്റിവച്ചതാണ്. ഇതു പൂർണമായി വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും വൃക്ക മാറ്റിവയ്ക്കുന്നതിനു നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു സമാഹരിച്ച തുകയാണ് തട്ടിയെടുത്തത്. തുക നഷ്ടമായതോടെ ഒരു വർഷമായി ചികിത്സയും ശസ്ത്രക്രിയയും നടത്താതെ രോഗം ഗുരുതരമായ നിലയിലാണ് ഷാനിഫ്.
നൗഫലിന്റെ പേരിൽ സമാനതട്ടിപ്പുമായി ബന്ധപ്പെട്ടു 2 കേസുകളും 2 പരാതികളുമുള്ളതായി ആറളം എസ്ഐ കെ.ഷുഹൈബ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 2 പേരിൽ നിന്ന് 5 ലക്ഷം രൂപ വീതം തട്ടിയെടുത്തതായി പരാതി ഉണ്ട്. ഒരു പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയതായും പരാതി ഉണ്ട്. 5.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്‌റ്റേഷനിലും നൗഫലിനെതിരെ കേസുണ്ട്
---------------
Hindusthan Samachar / Roshith K