Enter your Email Address to subscribe to our newsletters

Kozhikode, 21 നവംബര്‍ (H.S.)
കോഴിക്കോട് ∙ പ്രായം ചെന്നവർ ഉൾപ്പെടെയുള്ള ട്രെയിൻ യാത്രക്കാർക്കു കനത്ത തിരിച്ചടി നൽകി, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ പ്രവർത്തിച്ചിരുന്ന എൻക്വയറി കൗണ്ടർ പൂട്ടി. കമേഴ്സ്യൽ വിഭാഗത്തിന്റെ നിർദേശപ്രകാരം 5 ദിവസമായി എൻക്വയറി കൗണ്ടർ റിസർവേഷൻ കൗണ്ടറായാണു പ്രവർത്തിക്കുന്നത്. അതേസമയം ഈ നടപടിക്ക് രേഖാമൂലം ഉള്ള ഉത്തരവ് ഒന്നുമില്ല എന്നാണ് ലഭ്യമായ വിവരം.
ട്രെയിൻ സ്റ്റേഷനിൽ എത്തുന്ന സമയം, പ്ലാറ്റ്ഫോം, കോച്ച് ക്രമം എന്നിവയടക്കമുള്ള വിവരങ്ങൾ മൊബൈലിൽ അറിയുന്നതിനു ക്യൂആർ കോഡുകൾ കുറച്ചു ദിവസം മുൻപു പ്ലാറ്റ്ഫോമുകളിലും റെയിൽവേ സ്റ്റേഷന്റെ മറ്റു കെട്ടിടങ്ങളിലും പതിച്ചിരുന്നു. സ്കാൻ ചെയ്തു വിവരങ്ങളറിയാമെന്നതിനാൽ, ട്രെയിൻ വിവരങ്ങൾ നൽകാൻ വേറെ ആളെ നിയോഗിക്കേണ്ട കാര്യമില്ലെന്നാണു കമേഴ്സ്യൽ വിഭാഗത്തിന്റെ നിലപാട്. റിസർവേഷൻ ചെയ്യാനെത്തുന്നവരെ സഹായിക്കാനാണിതെന്നും വാദമുണ്ട്.
പ്രായം ചെന്നവർക്കും ഓൺലൈൻ സാങ്കേതിക വിദ്യകൾ വശമില്ലാത്തവർക്കും മൊബൈൽ ഇല്ലാത്തവർക്കുമൊക്കെ ഏറെ സഹായകരമായിരുന്നു സ്റ്റേഷനിലെ എൻക്വയറി കൗണ്ടർ. റിസർവേഷൻ കൗണ്ടറുകളിൽ ഒന്നാമത്തെ കൗണ്ടറായാണ് എൻക്വയറി പ്രവർത്തിച്ചിരുന്നത്. ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്നവർക്കും കൗണ്ടർ സഹായകരമായിരുന്നു.
സ്റ്റേഷൻ മാസ്റ്റർമാരെയും വിവരം അറിയിച്ചില്ലെന്നാണു സൂചന. വിവരം തേടുന്നവരോട്, ക്യുആർ കോഡ് സ്കാൻ ചെയ്യാനാണു ചില ഉദ്യോഗസ്ഥർ നിലവിൽ നിർദേശിക്കുന്നത്. നേരത്തെ എൻക്വയറി കം റിസർവേഷൻ ക്ലാർക്ക് തസ്തികയുണ്ടായിരുന്നുവെങ്കിലും പിന്നീടതു നിർത്തലാക്കി. ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിലെല്ലാം എൻക്വയറി കൗണ്ടർ തുടരുന്നതിനിടെയാണു കോഴിക്കോട്ടേതു നിർത്തലാക്കിയിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K