Enter your Email Address to subscribe to our newsletters

New delhi, 21 നവംബര്‍ (H.S.)
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രിയുടെ ആഴ്ചയ. ഉച്ചകോടിയില്‍ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.ചരിത്രത്തിലാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വന്‍കരയില്‍ നടക്കുന്നത്.
'വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ പ്രസ്താവനയില്‍ പറഞ്ഞു.ഉച്ചകോടിയോടനുബന്ധിച്ച്, ജോഹന്നാസ്ബര്‍ഗില്‍ എത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
'ഐക്യദാര്‍ഢ്യം, സമത്വം, സുസ്ഥിരത' എന്നതാണ് ഈ വര്‍ഷത്തെ ജി20യുടെ പ്രമേയം . മൂന്ന് വിഭാഗങ്ങളായിട്ടാണ് ജി20 ഉച്ചകോടി പൂര്‍ണമാകുന്നത്. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയര്‍ന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവരാണ് ജി20യില്‍ ഉള്‍പ്പെടുന്നത്.
---------------
Hindusthan Samachar / Sreejith S