Enter your Email Address to subscribe to our newsletters

Wayanad , 21 നവംബര്‍ (H.S.)
വയനാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടില്‍ ഭിന്നത രൂക്ഷമാകുന്നു . തോമാട്ടുച്ചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് വിമതനായി മല്‍സരിക്കാനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍. പാര്‍ട്ടി തിരുത്തണമെന്നും പാര്‍ട്ടി ചിന്ഹത്തിലല്ലാതെ മല്‍സരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജഷീര്‍. രാത്രി 12 മണിവരെ ഡിസിസി ഓഫീസിന് പുറത്ത് പ്രഖ്യാപനത്തിനായി കാത്തുനിന്നു. സീറ്റ് കിട്ടില്ലെന്ന് താന്‍ അറിയുന്നതിന് മുന്‍പേ സിപിഎം ഘടകകക്ഷികള്‍ തന്നെ സീറ്റ് തരാനായി ബന്ധപ്പെട്ടിരുന്നെന്നും ജഷീര്‍ വെളിപ്പെടുത്തി. രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് ജഷീര്‍.
ജംഷീർ പറയുന്നത്
ഞാന്‍ ജനിച്ച നാട്ടില്‍, മരിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടില്‍ എന്‍റെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെയ്യാന്‍ കഴിയും എന്ന ആഗ്രഹത്തിന്‍റെ പുറത്താണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. തളരില്ല തോമാട്ടുച്ചാല്‍ എന്ന മുദ്രാവാക്യവുമായാണ് മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയില്‍ ചെറിയ തിരുത്തലുകള്‍ വരണം. ഞങ്ങളെപ്പോലെ പാര്‍ട്ടിക്കാരനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുവന്ന് കൈപ്പത്തി ചിന്ഹത്തില്‍ മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവണം. പാര്‍ട്ടിയെ കെട്ടിപ്പിടിക്കുന്നവര്‍ പുറത്ത് വെട്ടിപ്പിടിക്കുന്നവര്‍ അകത്ത് എന്ന മുദ്രാവാക്യമാണ് ചില നേതാക്കള്‍ക്ക്. അത് തിരുത്തണം. ഞാന്‍ സീറ്റ് ചോദിച്ചത് ഞാന്‍ ജനിച്ചുവളര്‍ന്നത് എന്‍റെ നാട്ടിലാണ്. ഇന്നലെ രാത്രി 12 മണിവരെ ഡിസിസിക്ക് പുറത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാതോര്‍ത്തു നിന്നു. പ്രഖ്യാപിച്ചില്ല എന്ന് മാത്രമല്ല എന്നെ മാറ്റാനുള്ള കാരണമെന്തെന്ന് ആരും വിശദീകരിച്ചതുമില്ല. ജംഷീർ പറഞ്ഞു.
---------------
Hindusthan Samachar / Roshith K