Enter your Email Address to subscribe to our newsletters

Malappuram, 22 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിച്ചതിന് ശേഷം പത്രിക സമർപ്പിക്കാനെത്തിയ യുവാവിന്റെ പത്രിക സ്വീകരിച്ചില്ല.
ഇതിന് പിന്നാലെ പ്രതികാര നടപടിയെന്നവണ്ണം പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്ബ്ര പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റാണ് യുവാവ് പൂട്ടിയിട്ടത്. കൊടിഞ്ഞി സ്വദേശി പ്രദീപാണ് ഗേറ്റ് പൂട്ടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച പ്രദീപ് നാമനിർദേശ പത്രിക സമർപ്പിക്കാൻ വൈകിയാണ് എത്തിയത്. ഇതേത്തുടർന്ന് പത്രിക സ്വീകരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് രാത്രി ഇയാള്‍ പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റ് പൂട്ടിയത്.
അതേസമയം, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനാർത്ഥികള്‍ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം ഇന്നലെ മൂന്നു മണിയോടെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്നത്. സൂക്ഷ്മ പരിശോധന പൂർത്തിയാകുന്നതോടെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. നവംബർ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
ഡമ്മി സ്ഥാനാർഥികള്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ തിങ്കളാഴ്ചയ്ക്ക് മുൻപ് നാമനിർദേശ പത്രികകള്‍ പിൻവലിക്കും. 95,369 പത്രികകളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമർപ്പിക്കപ്പെട്ടത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പിന്നാലെയുണ്ട്. വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലാണ് കുറവ് നാമനിർദേശ പത്രികകള്‍ ലഭിച്ചത്. പല സ്ഥലങ്ങളിലും മുന്നണികളെ വെട്ടിലാക്കിക്കൊണ്ട് വിമതർ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവരെ പിൻവലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാർട്ടികള്‍. അതേസമയം, മുന്നണികളുടെ പ്രചാരണം തകൃതിയായ നടക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR