Enter your Email Address to subscribe to our newsletters

Ernakulam, 22 നവംബര്‍ (H.S.)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് കടമക്കുടി ഡിവിഷനിൽ നിന്നും മത്സരിച്ച എൽസി ജോർജിന്റെ നാമനിർദ്ദേശക പത്രിക തള്ളിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്രിക നൽകുന്ന വേളയിൽ പിന്താങ്ങിയ ആളുടെ വോട്ട് സംബന്ധിച്ച സംശയം അപ്പോൾ തന്നെ സ്ഥാനാർത്ഥിയും ഒപ്പമുള്ളവരും അവിടെ ബോധിപ്പിച്ചതാണ്. രണ്ടുതവണ ചുമതലയുള്ള ഉദ്യോഗസ്ഥർ വോട്ടർപട്ടിക പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിച്ചത്. പിന്നീട് വീണ്ടും സംശയം തോന്നി സ്ഥാനാർത്ഥിയും ഒപ്പമുള്ളവരും കളക്ടറേറ്റിൽ എത്തിയപ്പോൾ അവരെ പൊലീസ് അകത്തേക്ക് കയറ്റി വിട്ടിരുന്നില്ല.
ഇതിൽ നിന്നും ബോധപൂർവ്വമായ ക്രമക്കേട് നടത്തുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നത് വ്യക്തമാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ എറണാകുളം ജില്ലയിൽ നിലം തൊടില്ലെന്ന് ഇടതുമുന്നണിക്ക് നന്നായി അറിയാം. ആ ധാരണ ഉള്ളതുകൊണ്ടാണ് ഇടത് അനുകൂലികളായ സർവീസ് സംഘടന നേതാക്കളെ വെച്ചുകൊണ്ട് ഇത്തരത്തിലുള്ള ക്രമക്കേടുകൾക്ക് ഇടതുമുന്നണി കൂട്ടുനിൽക്കുന്നത്.
ജനാധിപത്യത്തെ അട്ടിമറിക്കുവാനുള്ള ഇത്തരം ശ്രമങ്ങളെ കോൺഗ്രസ് ഒരു കാരണവശാലും അംഗീകരിക്കുകയില്ല. ജനാധിപത്യത്തെ ഇത്തരത്തിൽ അധികാരം ഉപയോഗിച്ച് തങ്ങൾക്ക് അനുകൂലമാക്കുന്നതിനുള്ള ഇടത് കുതന്ത്രത്തെ പൊതുസമൂഹം തള്ളിക്കളയും.
വളരെയധികം ഉത്തരവാദിത്തപ്പെട്ട തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഇടത് നേതാക്കളെ മാറ്റിനിർത്തണമെന്നും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ നാമനിർദേശക പത്രിക തള്ളി വിഷയത്തിൽ നിയമപരമായും രാഷ്ട്രീയപരമായും ഏതറ്റം വരെയും പോകുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR