ശബരിമല : കൂടുതൽ പേർക്ക് ദർശനമൊരുക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം
Pathanamthitta 22 നവംബര്‍ (H.S.) ശബരിമലയിലെ തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ് എണ്ണം വർധിപ്പിക്കാനും പതിനെട്ടാം പടിയിലൂടെ മിനിറ്റിൽ 85 പേരെ വീതം കടത്തിവിടാനും തീരുമാനം. ദേവസ്വം മന്ത്രി വിഎൻ വാസവൻ്റെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ
Sabarimala temple


Pathanamthitta 22 നവംബര്‍ (H.S.)

ശബരിമലയിലെ തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ് എണ്ണം വർധിപ്പിക്കാനും പതിനെട്ടാം പടിയിലൂടെ മിനിറ്റിൽ 85 പേരെ വീതം കടത്തിവിടാനും തീരുമാനം. ദേവസ്വം മന്ത്രി വിഎൻ വാസവൻ്റെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. സുഗമമായ തീർഥാടനമാണ് നിലവിൽ നടക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 53.60 ലക്ഷം തീർഥാടകരാണ് എത്തിയത്. ഇത്തവണ അതിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

നിലവിൽ 5000 എന്നത് ഓരോ ദിവസത്തെയും തിരക്ക് അനുസരിച്ച് മാറ്റം വരുത്താൻ ഹൈക്കോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് സ്പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ ഓരോ ദിവസത്തെയും തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം വർധിപ്പിക്കാമെന്ന് യോഗം വിലയിരുത്തി. നിലവിൽ പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ ശരാശരി 70 പേരാണ് കയറുന്നത്. ഇത് 85 ആക്കി ഉയർത്തുന്നതോടെ കൂടുതൽ പേർക്ക് ദർശനം സാധ്യമാകും. ഇതിനായി പരിചയസമ്പന്നരും കരുത്തരുമായ കൂടുതൽ പൊലീസുകാരെ ഇവിടെ നിയോഗിക്കും. സന്നിധാനത്ത് ദർശന സമയം എത്രയാകാം എന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് ചർച്ച ചെയ്ത് തീരുമാനിക്കും.

മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ഇന്ന് വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി.

ഇടമുറിയാതെ ഭക്തജന പ്രവാഹം തുടരുമ്പോഴും സുഖദർശനത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും സന്നിധാത്ത് സജ്ജമാണ്. ശനിയാഴ്ച വലിയ നടപ്പന്തലിൽ കാത്തു നിൽക്കാതെ തന്നെ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാനായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം തന്നെ ഭക്തരുടെ പരമാവധി ക്ഷേമവും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉറപ്പാക്കുന്നുണ്ട്. ഉച്ച മുതൽ സന്നിധാനത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News