Enter your Email Address to subscribe to our newsletters

NEW DELHI, 22 നവംബര്‍ (H.S.)
ദുബൈ എയര്‍ഷോക്കിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷന്‍ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോര്‍ട്ട്. ഒരു എയര്‍മാര്‍ഷലിന്റെ നേതൃത്വത്തിലാണ് കോര്‍ട്ട് ഓഫ് എന്‍ക്വയറി വ്യോമസേന നടത്തുക. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അപകടത്തില്‍ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. വ്യോമ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകര്‍ന്നുവീണ വിവരം മന്‍ഷ് ശ്യാലിന്റെ പിതാവ് അറിയുന്നത്. ദുബൈ ആല്‍ മക്തൂം വിമാനത്താവളത്തില്‍ നടന്ന വ്യോമ പ്രദര്‍ശനത്തിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യോമ പ്രദര്‍ശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.
തേജസ്സ് വിമാനം വികസിപ്പിച്ച് 24 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് തകരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്‌സാല്‍മീറില്‍വെച്ച് തേജസിന്റെ ആദ്യ അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S