Enter your Email Address to subscribe to our newsletters

Kochi, 22 നവംബര്‍ (H.S.)
ടൂറിസ്റ്റ് ബസ്സുകളിലും മറ്റ് വാഹനങ്ങളിലും വർധിച്ചു വരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു.
ഓടുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനുകളില്‍ വ്ലോഗ് ചിത്രീകരിക്കുന്നത്, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം തെറ്റിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റം എന്നിവയ്ക്കെതിരെ ഉടനടി നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണർക്കും കോടതി നിർദ്ദേശം നല്‍കി.
വാഹനങ്ങളുടെ അനധികൃതമായ രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ സുപ്രധാന ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കോടതി വിശദമായി പരിശോധിച്ചു.
ഡ്രൈവർ ക്യാബിനില്‍ വീഡിയോ ചിത്രീകരിച്ച് അശ്രദ്ധയോടെ പോകുന്ന ഒരു ചരക്ക് ലോറിയുടെ പിന്നില്‍ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടം സംഭവിക്കുന്ന ദൃശ്യം ഇതില്‍ ഉള്‍പ്പെടുന്നു. ഉയർന്ന ശബ്ദത്തില്‍ പാട്ടുവെച്ച് ലേസർ ലൈറ്റുകള്‍ മിന്നുന്ന ബസ്സില്‍ വിദ്യാർഥികള്‍ നൃത്തം ചെയ്യുന്ന വിനോദയാത്രയുടെ ദൃശ്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. രൂപമാറ്റം വരുത്തിയ റിക്കവറി വാനുകളില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേർ യാത്ര ചെയ്യുന്നത്, അനധികൃത എല്‍ഇഡി പാനലുകളുടെ നിർമ്മാണ സംവിധാനം തുടങ്ങിയവയും കോടതി പരിശോധിച്ച ദൃശ്യങ്ങളിലുണ്ട്.
ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മിഷണറോടും വിദ്യാഭ്യാസ വകുപ്പിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധമായി ഘടിപ്പിച്ച ഓരോ ലൈറ്റുകള്‍ക്കും 500 രൂപ വീതം പിഴ ചുമത്താനും കോടതി നിർദ്ദേശിച്ചു. വീഡിയോയില്‍ കണ്ട വിനോദയാത്ര ഏത് വിദ്യാലയത്തില്‍ നിന്നുള്ളതാണെന്നതിന്റെ പൂർണ്ണ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് കോടതിയെ അറിയിക്കണം. കോടതി പരിശോധിച്ച ഈ വീഡിയോകള്‍ തുടർനടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാൻ രജിസ്ട്രാർക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR