Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 നവംബര്‍ (H.S.)
കേരളത്തില്‍ ബി.ജെ.പി./ആര്‍.എസ്.എസ്. പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന് ആ പ്രസ്ഥാനങ്ങള്‍ തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ആര്‍.എസ്.എസ്./ബി.ജെ.പി. നേതാക്കളുടെ ലൈംഗിക പീഡനങ്ങളും, സാമ്പത്തിക തിരിമറികളും, മണ്ണ് മാഫിയാ ബന്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുകയാണ്. എന്നിട്ടും, സ്വന്തം പ്രവര്‍ത്തകരുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ നേതാക്കള്‍ക്കെതിരെ നടപടി കൈക്കൊള്ളാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഒളിച്ചു കളിക്കുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
- അനന്തു അജി (കോട്ടയം എലിക്കുളം): തിരുവനന്തപുരത്ത് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത അനന്തു അജി, ആര്‍.എസ്.എസ്. ക്യാമ്പുകളില്‍ നേരിട്ട ലൈംഗിക പീഡനങ്ങളെത്തുടര്‍ന്നാണ് ഈ കടുംകൈ ചെയ്തത്. ആത്മഹത്യക്ക് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആര്‍.എസ്.എസ്. നേതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അനന്തു വെളിപ്പെടുത്തി. ഈ സംഘടനയുടെ അന്തര്‍ധാര എത്രത്തോളം ജീര്‍ണിച്ചതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
- തിരുമല അനില്‍ (തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറും): ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്നാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത്. പ്രതിസന്ധിയില്‍ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്നുമുള്ള ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം, ബി.ജെ.പി. നേതൃത്വത്തിന്റെ പ്രവര്‍ത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു.
- ആനന്ദ് കെ.തമ്പി (ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍): സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിലും, പാര്‍ട്ടി നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളിലുമുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍, 'ആര്‍.എസ്.എസുകാരനായി ജീവിച്ചുവെന്നതാണു ജീവിതത്തില്‍ പറ്റിയ വലിയ തെറ്റ്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയില്‍ എത്തിച്ചത്' എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത് ഒരു സാധാരണ പ്രവര്‍ത്തകന്റെ മനഃസാക്ഷിയുടെ വിങ്ങലാണ്.
ബി.ജെ.പി.ക്ക് അകത്തെ നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളും, സാമ്പത്തിക തിരിമറികളും ഈ ആത്മഹത്യകളിലൂടെ പുറത്തുവന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹകരണ സംഘം വിഷയത്തില്‍ ബി.ജെ.പി.യുടെ മുന്‍ സംസ്ഥാന വക്താവ് പോലും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത് പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന് തെളിയിക്കുന്നു. സ്വന്തം പ്രവര്‍ത്തകരെ മരണത്തിലേക്ക് തള്ളിവിടുകയും, ലൈംഗികമായി പീഡിപ്പിക്കുകയും, അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന നേതൃത്വം കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ഭീഷണിയാണ്.
---------------
Hindusthan Samachar / Sreejith S