Enter your Email Address to subscribe to our newsletters

New delhi, 22 നവംബര്‍ (H.S.)
രാജ്യത്ത് പുതിയ നാല് തൊഴില്‍ കോഡുകള്‍ പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍മേഖലയില്‍ സമഗ്രമാറ്റം ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പവഗണിച്ച് നടപ്പാക്കിയത്. പുതിയ വ്യവസ്ഥകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇന്ത്യയുടെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം നടപ്പാക്കുന്ന ഏറ്റവും ശക്തവും സമഗ്രവുമായ തൊഴില്‍-അധിഷ്ഠിത പരിഷ്‌കാരമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് പുതിയ കോഡുകള്‍ പ്രാബല്യത്തിലാക്കിയത്. വേതനം, വ്യവസായ ബന്ധം, തൊഴിലിട സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയെ സംബന്ധിച്ചുള്ളതാണ് കോഡുകള്‍.
വേതന കോഡ് അസംഘടിത മേഖലയിലടക്കം എല്ലാ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം നിയമപരമാക്കുന്നു. 5 വര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്‌കരിക്കും. വേതന നിരക്കിന് സ്ത്രീ പുരുഷ വ്യത്യാസമില്ല. മിനിമം വേതനം കൊടുത്തില്ലെങ്കില്‍ പിഴയും ആവര്‍ത്തിച്ചാല്‍ തടവും ശിക്ഷ. വ്യവസായ ബന്ധ കോഡാണ് സംഘടനകള്‍ കൂടുതല്‍ എതിര്‍ക്കുന്നത്. കോഡ് പ്രകാരം ആകെ ജീവനക്കാരില്‍ കുറഞ്ഞത് 10 ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ യൂണിയന്‍ അനുവദിക്കുകയുള്ളൂ. തൊഴിലാളികളല്ലാത്തവര്‍ ഭാരവാഹികളാകുന്നതിന് വിലക്കുണ്ട്. സമരം തുടങ്ങാന്‍ 14 ദിവസം മുന്‍പു നോട്ടിസ് നല്‍കണം. ലംഘിക്കുന്നവര്‍ക്ക് പിഴയും ഒരു മാസം തടവ് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ഇതിനെ സംഘടനകള്‍ എതിര്‍ത്തു. തൊഴിലിട സുരക്ഷാ കോഡില്‍ ആരോഗ്യം, തൊഴില്‍ സാഹചര്യം, ജോലി സമയം, വനിതകളുടെ പൂര്‍ണസുരക്ഷ തൊഴിലുടമ ഉറപ്പാക്കണം തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക സുരക്ഷ കോഡില്‍ ഇന്‍ഷുറന്‍സ്, പ്രോവിഡന്റ് ഫണ്ട്, രക്ഷിതാക്കള്‍ക്ക് ചികില്‍സാ ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് നിബന്ധനകള്‍.
അഞ്ചുവര്‍ഷം മുമ്പ് കോഡുകള്‍ പാര്‍ലമെന്റ് പാസാക്കി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും ബിഎംഎസടക്കമുള്ള സംഘടനകള്‍ പല വ്യവസ്ഥകളിലും എതിര്‍പ്പുന്നയിച്ചതോടെയാണ് പ്രാബല്യത്തിലാക്കല്‍ വൈകിയത്.
---------------
Hindusthan Samachar / Sreejith S