Enter your Email Address to subscribe to our newsletters

Kerala, 22 നവംബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷപരിശോധനയില്‍ യുഡിഎഫിന് തിരിച്ചടി. സാങ്കേതിക പിഴവിന്റെ പേരില്‍ പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിപ്പോയി. നഗരസഭയിലേക്ക് നിശ്ചയിച്ച ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക വരെ ഇങ്ങനെ തള്ളിപ്പോയിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭയിലാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. 23-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നിശ്ചയിച്ചിരുന്ന കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നടപടി സ്വീകരിച്ചത്. ഇതോടെ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച പ്രഭാകരന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
എറണാകുളത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ സ്ഥാനാര്‍ഥിയുടെ പത്രികയാണ് തള്ളിപ്പോയത്. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ പത്രികയാണ് തള്ളിപ്പോയത്. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം.മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഡെമ്മി സ്ഥാനാര്‍ത്ഥിയില്ല. ഇതോടെ ഇവിടെ മത്സരംഎല്‍ഡിഎഫും ബിജെപിയും തമ്മിലായി. തൃക്കാക്കര നഗരസഭയുടെ പന്ത്രണ്ടാം ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ കെ സന്തോഷിന്റെ പത്രികയും തള്ളി. സത്യപ്രസ്താവന ഒപ്പിടാത്തതാണ് പിഴവായത്.
കോട്ടയം പാമ്പാടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമണി മത്തായിയുടെ പത്രികയും തള്ളി. നേരത്തെയുള്ള തെരഞ്ഞെടുപ്പ് മത്സരിച്ചതിന്റെ കണക്ക് നല്‍കാത്തതാണ് നടപടിക്ക് കാരണം. മലപ്പുറം വഴിക്കടവ് പഞ്ചായത്ത് നാരോക്കാവ് വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിഫ്‌ന ശിഹാബിന്റെ നാമനിര്‍ദേശ പത്രിക തള്ളി.തൊഴിലുറപ്പ് പദ്ധതിയില്‍ ഓണറേറിയം കൈപറ്റുന്നതായി കണ്ടെത്തിയതോടെയാണ് പത്രിക തള്ളിയത്. ് ബ്ലോക്ക് പഞ്ചായത്തിലെ താല്‍ക്കാലിക ജോലി രാജിവക്കാതെയാണ് പത്രിക സമര്‍പ്പിച്ച മലപ്പുറം വളാഞ്ചേരി നഗരസഭയിലെ 29-ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ധന്യയുടെ പത്രികയും തള്ളിയിട്ടുണ്ട്. സൂക്ഷമപരിശോധന പുരോഗമിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S