Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 നവംബര്‍ (H.S.)
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാമെന്ന് സ്ഥിരീകരണം. രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. ട്രാന്‍സ് വുമണായ അമേയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്‌ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അമേയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി. നേരത്തെ തന്നെ, അമേയ പോത്തന്‍കോട് ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാന്‍സ് വുമണ്‍ അരുണിമ എം കുറുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വവും അംഗീകരിച്ചിട്ടുണ്ട്. സൂക്ഷ്മപരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇതോടെ അരുണിമയ്ക്ക് മത്സരിക്കാം. വോട്ടര്‍ ഐഡി ഉള്‍പ്പടെയുള്ള അരുണിമയുടെ രേഖകളില്‍ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് സ്ത്രീ സംവരണ സീറ്റില്‍ മത്സരിക്കുന്നതിന് തടസമില്ല.
---------------
Hindusthan Samachar / Sreejith S