Enter your Email Address to subscribe to our newsletters

Mumbai, 23 നവംബര്‍ (H.S.)
മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍. കോണ്‍ഗ്രസും ശിവസേനയും (ഉദ്ധവ് വിഭാഗം) തമ്മിലുള്ള തർക്കം രൂക്ഷമായതോടെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ കെട്ടുറപ്പിന് തന്നെ ഭീഷണി ഉയർന്നിരിക്കുന്നത്.
ശിവസേനയും (ഉദ്ധവ് വിഭാഗം) മഹാരാഷ്ട്ര നവനിർമാണ്‍ സേനയും തമ്മില്‍ അടുക്കുന്നതാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ എതിർപ്പ വകവെയ്ക്കാതെ നവനിർമാണ്‍ സേനയുമായി സഹകരിക്കാൻ തന്നെയാണ് ശിവസേനയുടെ തീരുമാനം. ഇതോടെ മഹാ വികാസ് അഘാഡി സഖ്യം തകരുമെന്ന നിലയിലാണ്.
എംഎൻഎസും ശിവസേനയും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് എന്ത് തോന്നുന്നു എന്നത് പ്രശ്നമല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് എംപി പറഞ്ഞു. ഡല്‍ഹിയിലെ ഹൈക്കമാൻഡുമായി കൂടിയാലോചിക്കാതെ തീരുമാനത്തിലെത്തുന്നതില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജാഗ്രത പുലർത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസിന്റെ വ്യക്തിപരമായ തീരുമാനമാണിതെന്നും എന്നാല്‍ എംഎൻഎസോ ശിവസേനയോ (യുബിടി) ആരുടെയും അനുവാദത്തിനായി കാത്തിരിക്കില്ലെന്നും റാവത്ത് പറഞ്ഞു. ശിവസേനയും എംഎൻഎസും ഒന്നിച്ചു. ഇതാണ് ജനങ്ങളുടെ ഇഷ്ടം. അതിന് ആരുടെയും ഉത്തരവുകളോ അനുവാദമോ ആവശ്യമില്ല. ശരദ് പവാറും ഇടതുപക്ഷ പാർട്ടികളും ഇക്കാര്യത്തില്‍ കൂടെയുണ്ടെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
ബിജെപിയെ ഒരുമിച്ച് നേരിടുന്നതാണ് നല്ലതെന്ന് ശരദ് പവാറിന്റെ എൻസിപി സൂചന നല്‍കിയിട്ടുണ്ട്. മുംബൈയില്‍ നടന്ന പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജെപിക്കെതിരെ ഐക്യമുന്നണിയായി മത്സരിക്കാനുള്ള വ്യക്തമായ സന്നദ്ധത നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം പ്രകടിപ്പിച്ചു. ശിവസേനയുമായി (യുബിടി) സഖ്യത്തിന് എൻസിപി അന്തിമരൂപം നല്‍കിയിട്ടുണ്ട്. എംഎൻഎസ് സഖ്യത്തില്‍ ചേർന്നാല്‍ എൻസിപി അംഗീകരിക്കുമെന്നതിന്റെ സൂചന കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സുഹൃത്തുക്കളും ഒരുമിച്ച് നില്‍ക്കണം. സമാജ്‌വാദി, കമ്മ്യൂണിസ്റ്റ് പാർട്ടികള്‍, അംബേദ്കർ പാർട്ടികള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ പാർട്ടികളും ഒരുമിച്ച് പോരാടണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് എൻസിപി എംഎല്‍എ ജിതേന്ദ്ര അവാദ് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് പരമ്ബരാഗതമായി എംഎൻഎസിനെ എതിർക്കുന്നവരാണ്. എംഎൻഎസിന്റെ പ്രത്യയശാസ്ത്രത്തോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തില്‍ എംഎൻഎസിനെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി കോണ്‍ഗ്രസിന് അനുകൂലാഭിപ്രായമില്ല.
മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ എംഎൻഎസുമായി സഖ്യത്തില്‍ മത്സരിക്കാൻ ഉദ്ധവ് താക്കറെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാൻ പിന്നണിയില്‍ ചർച്ചകള്‍ നടക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോടകം തന്നെ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന് പ്രഖ്യാപിച്ചതോടെ എംവിഎ സഖ്യത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR