പി. രാജീവിനെതിരെ ആരോപണവുമായി മുഹമ്മദ് ഷിയാസ്
Ernakulam, 23 നവംബര്‍ (H.S.) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകള്‍ തള്ളിയ സംഭവത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡി.സി.സി. പ്
Muhammad Shias


Ernakulam, 23 നവംബര്‍ (H.S.)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകള്‍ തള്ളിയ സംഭവത്തില്‍ സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്ത്. മന്ത്രിയുടെ ഇടപെടല്‍ കാരണമാണ് അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ കളമശേരിക്ക് കീഴിലുള്ള കരിമാലൂരില്‍ ഒരു യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ ഇടയായതെന്ന് ഷിയാസ് ആരോപിച്ചു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പത്രിക തള്ളാനുള്ള കാരണം, മന്ത്രി പി. രാജീവിന്റെ ഓഫീസില്‍ നിന്ന് ഒരു വിളി വന്നു എന്നതാണെന്നും ഷിയാസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറായ മായാ ജോസിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ, ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനില്‍ മത്സരിക്കാനിരുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി എല്‍സി ജോർജിന്റെ പത്രിക തള്ളിയതിന് പിന്നില്‍ വരണാധികാരിയുടെ ഓഫീസിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ഇതിന്റെ സത്യാവസ്ഥ അറിയാൻ വരണാധികാരിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കണം. ഉദ്യോഗസ്ഥർ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇത് നിയമപരമായി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. പല പ്രദേശങ്ങളിലും മന്ത്രി പി. രാജീവ് സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും ഷിയാസ് കുറ്റപ്പെടുത്തി.

അതേസമയം, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളും ഭരണവും നേടുമെന്നും ഷിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജില്ലയിലെ മലയോര, തീരദേശ മേഖലകളില്‍ സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രതിഷേധമുണ്ട്. കൊച്ചിയില്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതും പുതിയ റോഡുകള്‍ ഇല്ലാത്തതും ഉള്‍പ്പെടെ ജില്ലയോടുള്ള സർക്കാരിന്റെ അവഗണന ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News