Enter your Email Address to subscribe to our newsletters

Kannur, 23 നവംബര്‍ (H.S.)
പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി ഹരീന്ദ്രൻ നടത്തിയ പ്രസ്താവന വിവാദത്തില്‍.
ബിജെപി മുൻ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജനെതിരെ പോക്സോ കോടതി ശിക്ഷ വിധിച്ച കേസിലാണ് സിപിഎം നേതാവിൻ്റെ പരാമർശം.
പ്രതി ഒരു ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐ-യും കേസില്‍ ഇടപെട്ട് രംഗത്തെത്തിയതെന്നാണ് ഹരീന്ദ്രൻ ആരോപിച്ചത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ ഈ രണ്ട് സംഘടനകളും ഇതേ രീതിയില്‍ ഇടപെടാറുണ്ടോ എന്നും അദ്ദേഹം ചോദ്യമുയർത്തി.
കേസിന്റെ നടത്തിപ്പുമായി ഇക്കാലമത്രയും സിപിഎമ്മാണ് മുന്നോട്ട് പോയത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സഹായം നല്‍കുന്നതിലുപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരാക്കി മാറ്റാനാണ് അന്നുമുതല്‍ ഇന്നുവരെ അവർ ശ്രമിച്ചത്, ഹരീന്ദ്രൻ പറഞ്ഞു.
മറ്റ് പീഡനക്കേസുകള്‍, പ്രത്യേകിച്ച് ഉസ്താദുമാർ പ്രതികളായ സംഭവങ്ങള്‍, ഇത്രയേറെ വിവാദമാകാത്തതും ആരും ശ്രദ്ധിക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ കേസുകളില്‍ ആക്ഷൻ കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ടത് എന്നതിലല്ല, പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിമാണ് എന്നതിലാണ് എസ്ഡിപിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വർഗീയ നിലപാടാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 15ന് തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജന് മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചിരുന്നു. ഇതിനുപുറമെ, പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായി 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി വിധി വന്നതിന് പിന്നാലെ പ്രതിയെ സർവീസില്‍ നിന്നും പിരിച്ചുവിട്ടതായി സ്കൂള്‍ മാനേജർ അറിയിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി ഞായറാഴ്ച വ്യക്തമാക്കി. 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR