Enter your Email Address to subscribe to our newsletters

Malappuram, 23 നവംബര്‍ (H.S.)
കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ ബാഗുകള്‍ പൊളിച്ച് കവർച്ച നടത്തുന്നതായി പരാതി.
കഴിഞ്ഞ ദിവസം സ്‌പേസ് ജെറ്റ് വിമാനം വഴി എത്തിയ എടപ്പാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെ ബാഗുകളില്‍ നിന്നാണ് പണവും വിലപിടിച്ച വസ്തുക്കളും നഷ്ടപ്പെട്ടത്. യാത്രികനായ ബാദുഷയുടെ ബാഗില്‍ നിന്ന് മാത്രം ₹26,500 രൂപയാണ് കാണാതായത്.
ബാഗുകള്‍ വിമാനത്താവളത്തിനകത്ത് തന്നെയാണ് പൊളിച്ചതെന്ന് ബാദുഷ ആരോപിച്ചു. ബാഗുകള്‍ കയറ്റിയ തൂക്കത്തിനെ അപേക്ഷിച്ച് ഇറക്കിയപ്പോള്‍ 800 ഗ്രാം കുറവ് വന്നതായും അദ്ദേഹം പറഞ്ഞു. ഈ ആഴ്ചയില്‍ മാത്രം ഇതുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ കരിപ്പൂർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തതായി വിവരമുണ്ട്. ഈ കവർച്ചകളെല്ലാം സ്‌പേസ് ജെറ്റ് വിമാനത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും ബാദുഷ പറഞ്ഞു.
വർഷങ്ങളായി ബാഗുകളുടെ പൂട്ടുകള്‍ പൊളിച്ച് വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് പരാതികള്‍ ഉയർന്നുവന്നിട്ടും, കർശന നടപടികള്‍ ഇല്ലാതിരിക്കുന്നു എന്ന വിമർശനവും ശക്തമാകുന്നു. പോലീസ്, എയർപോർട്ട് അതോറിറ്റി എന്നിവരോട് യാത്രക്കാർ വീണ്ടും പരാതി ഉന്നയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR