Enter your Email Address to subscribe to our newsletters

Kerala, 24 നവംബര്‍ (H.S.)
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തില്‍ വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധര്‍മേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ്.
രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടര്‍ന്നു. സോവിയറ്റ് യൂണിയന്‍ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ധര്‍മേന്ദ്ര ചെയ്ത കഥാപാത്രങ്ങള്‍ വലിയ പ്രചാരം നേടി. പത്മഭൂഷണ്‍ അടക്കമുള്ള നിരവധി ബഹുമതികള്‍ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധര്‍മേന്ദ്ര.
ധര്‍മേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു.
---------------
Hindusthan Samachar / Sreejith S