Enter your Email Address to subscribe to our newsletters

Newdelhi , 24 നവംബര്‍ (H.S.)
ന്യൂഡൽഹി: സിന്ധ് ഇന്ത്യയിലേക്ക് തിരികെ വന്നേക്കാം എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പാകിസ്ഥാൻ . ഈ പ്രസ്താവനയെ 'മതിഭ്രമം (delusional)', 'അധിനിവേശ മനോഭാവം (expansionist)', അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനം എന്നും പാകിസ്ഥാൻ വിശേഷിപ്പിച്ചു.
രാജ്‌നാഥ് സിംഗിന്റെ അഭിപ്രായങ്ങൾ അപകടകരമായ പുനഃപരിശോധനാവാദവും (revisionist) ഹിന്ദുത്വ വികസിത മനോഭാവവും പ്രതിഫലിപ്പിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയെക്കുറിച്ചുള്ള ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ മതിഭ്രമം നിറഞ്ഞതും അപകടകരമായ പുനഃപരിശോധനാവാദപരവുമായ പരാമർശങ്ങളെ പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നു, പ്രസ്താവനയിൽ പറയുന്നു.
സ്ഥാപിത യാഥാർത്ഥ്യങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കുകയും, അന്താരാഷ്ട്ര നിയമങ്ങളുടെയും അംഗീകൃത അതിർത്തികളുടെ ലംഘനവും രാഷ്ട്രങ്ങളുടെ പരമാധികാരവും വ്യക്തമാക്കുന്ന വികസിത ഹിന്ദുത്വ മനോഭാവമാണ് ഇത്തരം പ്രസ്താവനകൾ വെളിപ്പെടുത്തുന്നത്.
മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന വാചാടോപങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ നേതാക്കൾ തയ്യാറാകണമെന്ന് പാകിസ്ഥാൻ അഭ്യർത്ഥിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന പ്രകോപനപരമായ പ്രസംഗങ്ങളിൽ നിന്ന് ശ്രീ രാജ്‌നാഥ് സിംഗും മറ്റ് ഇന്ത്യൻ നേതാക്കളും വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സ്വന്തം പൗരന്മാരുടെ, പ്രത്യേകിച്ച് ദുർബലരായ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഇന്ത്യൻ സർക്കാരിന് കൂടുതൽ ക്രിയാത്മകം, പ്രസ്താവന കൂട്ടിച്ചേർത്തു.
സിന്ധ് പ്രവിശ്യയെക്കുറിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞത്
ഞായറാഴ്ച ന്യൂഡൽഹിയിൽ നടന്ന ഒരു സിന്ധി സമൂഹത്തിൻ്റെ പരിപാടിയിൽ സംസാരിക്കവെയാണ് , സിന്ധുമായി ഇന്ത്യക്ക് നിലനിൽക്കുന്ന സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് രാജ്‌നാഥ് സിംഗ് ശ്രദ്ധേയമായ ഒരു പരാമർശം നടത്തിയത്. നിലവിൽ ഈ പ്രദേശം പാകിസ്ഥാൻ്റെ ഭാഗമാണെങ്കിലും, ഇന്ത്യയുമായുള്ള അതിൻ്റെ നാഗരിക ബന്ധം (civilisational connection) നിലനിൽക്കുന്നുണ്ടെന്നും ഭാവിയിൽ അത് പുനഃസ്ഥാപിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ അതിരുകൾ കാലക്രമേണ മാറിയേക്കാം, പക്ഷേ സാംസ്കാരിക സ്വത്വവും പങ്കിട്ട പൈതൃകവും ഭൗമരാഷ്ട്രീയ അതിരുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമായിരിക്കില്ല, പക്ഷേ നാഗരികമായി സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും, അദ്ദേഹം പറഞ്ഞു.
1947-ലെ വിഭജന സമയത്ത് സിന്ധിന്റെ വേർപാടിനെക്കുറിച്ചുള്ള മുൻ ആഭ്യന്തര മന്ത്രി എൽ.കെ. അദ്വാനിയുടെ വൈകാരികമായ പ്രതിഫലനങ്ങളെ സിംഗ് പരാമർശിച്ചു. അദ്വാനിയുടെ തലമുറയുൾപ്പെടെയുള്ള അസംഖ്യം സിന്ധി ഹിന്ദുക്കൾക്ക്, സിന്ധു നദിയോട് ഉണ്ടായിരുന്ന ആത്മീയമായ ഭക്തി കാരണം സിന്ധിൻ്റെ നഷ്ടം അതീവ വേദന നൽകുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സിന്ധിലെ നിരവധി മുസ്ലീങ്ങൾ പോലും സിന്ധു നദിയിലെ വെള്ളം മക്കയിലെ ആബ്-എ-സംസമിനേക്കാൾ (Aab-e-Zamzam) പുണ്യമായി കണക്കാക്കിയിരുന്നു. ഇത് അദ്വാനിയുടെ വാക്കുകളാണ്, സിംഗ് പറഞ്ഞു.
പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ മാറ്റങ്ങൾ എപ്പോഴും സാധ്യമാണെന്നും ഭാവിയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായേക്കാമെന്നും സിംഗ് കൂട്ടിച്ചേർത്തു. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിരുകൾക്ക് മാറ്റം വരാം. നാളത്തെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ വന്നേക്കാം എന്ന് ആർക്കറിയാം. സിന്ധു നദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധി ജനത എപ്പോഴും നമ്മുടേതായിരിക്കും. അവർ എവിടെയായിരുന്നാലും, അവർ എപ്പോഴും നമ്മുടേതായിരിക്കും, അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Roshith K