ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ പ്രതിക്ക് വധശിക്ഷ; അനിത വധക്കേസില്‍ വിധി നാലു വര്‍ഷത്തിന് ശേഷം
Alappuzha, 24 നവംബര്‍ (H.S.) കൈനകരി അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെ കൊന്ന് കായലില്‍ തള്ളിയ കേസിലാണ് മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിന് തൂക്കുകയര്‍ വിധിച്ചത്. ആലപ്പുഴ അ
anitha


Alappuzha, 24 നവംബര്‍ (H.S.)

കൈനകരി അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെ കൊന്ന് കായലില്‍ തള്ളിയ കേസിലാണ് മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിന് തൂക്കുകയര്‍ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരകൊലപാതകത്തില്‍ എത്തിയത്. 2021 ജൂലായ് ഒന്‍പതിനാണ് സംഭവം. കൊല്ലപ്പെടുന്ന സമയത്ത് അനിത ഗര്‍ഭിണി ആയിരുന്നു.

കേസില്‍ പ്രബീഷിന്റെ പെണ്‍സുഹൃത്ത് രജനി രണ്ടാംപ്രതിയാണ്. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കൊല നടത്തിയത്. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്ത് ഞെരിച്ചു. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആയിരുന്നു അനിത. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. രണ്ടാം പ്രതിയായ രജനി മയക്കുമരുന്നു കേസില്‍ ഒഡിഷയിലെ ജയിലാണ്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും.

---------------

Hindusthan Samachar / Sreejith S


Latest News