Enter your Email Address to subscribe to our newsletters

lucknow, 24 നവംബര്‍ (H.S.)
ഭഗവദ്ഗീത പാരായണത്തിന് മാത്രമുള്ളതല്ല, ജീവിക്കാനുള്ള സാധനാഗ്രന്ഥമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലഖ്നൗവില്‍ ദിവ്യഗീതാപ്രേരണാ മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീതയുടെ സന്ദേശം ജീവിതത്തില്‍ ഉള്‍ക്കൊള്ളണം. 700 ശ്ലോകങ്ങളാണ് ആകെ ഗീതയിലുള്ളത്. ദിവസവും രണ്ട് ശ്ലോകങ്ങള്‍ പഠിക്കുകയും ധ്യാനിക്കുകയും സാരാംശം പ്രായോഗികമാക്കുകയും ചെയ്താല്‍ ജീവിതത്തിലെ എല്ലാ പോരായ്മകളും പരിഹരിച്ച് മുന്നേറാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജുനന്‍ മഹാഭാരതത്തിന്റെ യുദ്ധക്കളത്തില്‍ വിഷാദത്തിലാണ്ടതുപോലെ, ഇന്ന് ലോകം മുഴുവന്‍ ഭയവും ദിശാബോധമില്ലായ്മയും നിറഞ്ഞ് നിരാശ അനുഭവിക്കുകയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. പരിശ്രമമേറെയുണ്ടായിട്ടും സമാധാനവും സംതൃപ്തിയും വിശ്രാന്തിയും അനുഭവപ്പെടുന്നില്ല. ആയിരക്കണക്കിന് വര്‍ഷംമുമ്പ് നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍, വിദ്വേഷം, സാമൂഹിക വൈകല്യങ്ങള്‍ എന്നിവ ഇന്നും പല രൂപങ്ങളില്‍ നിലനില്‍ക്കുന്നു. ഭൗതികപുരോഗതിയുണ്ടായി. എന്നാല്‍ ജീവിതത്തില്‍ സമാധാനവും സന്തുലിതാവസ്ഥയും നഷ്ടപ്പെട്ടു. ഇന്ന്, എണ്ണമറ്റ ആളുകള്‍ ഇതുവരെ പിന്തുടര്‍ന്ന പാത ശരിയായതല്ലെന്നും നേരിന്റെ പാത ആവശ്യമാണെന്നും തിരിച്ചറിയുന്നു. ഈ പാത നിലനില്‍ക്കുന്നത് ഭാരതത്തിന്റെ നിത്യജീവിത പാരമ്പര്യത്തിലാണ്. ലോകത്തിന് സന്തോഷവും സമാധാനവും സന്തുലിതാവസ്ഥയും നല്‍കാനുള്ള വഴി ഭഗവദ്ഗീതയുടെ ജ്ഞാനത്തിലുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.
ഉപനിഷത്തുകളുടെയും ദര്‍ശനങ്ങളുടെയും സത്തയാണ് ഭഗവദ്ഗീത. അര്‍ജുനനെപ്പോലുള്ള ക്ഷമയും ധീരതയും കര്‍ത്തവ്യബോധവുമുള്ള ഒരു മനുഷ്യന്‍ മായയില്‍ മുഴുകിയപ്പോള്‍ പോലും, സത്യം, ധര്‍മ്മം, കടമ എന്നിവ പഠിപ്പിച്ചുകൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ അദ്ദേഹത്തെ സ്ഥിരമായ ജ്ഞാനത്തിലേക്ക് തിരികെ കൊണ്ടുവന്നു. ജീവിതത്തില്‍ സ്വാംശീകരിക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായ ഭാഷയില്‍ ഗീതയുടെ സാരാംശം എല്ലാവരും മനസിലാക്കണം.
പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അവയെ നേരിടുക എന്നതാണ് ഭഗവാന്‍ കൃഷ്ണന്റെ ആദ്യ ഉപദേശം. ഞാനാണത് ചെയ്യുന്നതെന്ന അഹങ്കാരം മനസില്‍ സൂക്ഷിക്കരുത്. ചെയ്യുന്നത് ഈശ്വരനാണ്. സ്‌നേഹത്തോടെ ചെയ്യുന്ന ഏറ്റവും ചെറിയ പ്രവൃത്തി പോലും ശ്രേഷ്ഠമാണ്. പ്രതിസന്ധികളില്‍ നിന്ന് മുക്തമായി, രാഷ്ട്രസേവനത്തില്‍ മുന്നേറുക എന്നതാണ് നമ്മുടെ ആത്യന്തിക കടമ, ഈ പാതയിലൂടെ ഭാരതത്തെ വീണ്ടും ഒരു ലോകനേതൃസ്ഥാനത്തെത്തിക്കാനാവും, അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S