Enter your Email Address to subscribe to our newsletters

Eranakulam , 24 നവംബര്‍ (H.S.)
കൊച്ചി: കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത ഭീഷണി. കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം പത്തോളം വിമതരാണ് യുഡിഎഫിന് എതിരായി മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി.
കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്. മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ബാസ്റ്റിന്‍ ബാബു 72 ആം ഡിവിഷനിലെ വിമത സ്ഥാനാര്‍ത്ഥിയാണ്. മാനശ്ശേരി ഡിവിഷനില്‍ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനനിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ആഷ്‍ലിയും മത്സരിക്കും.മൂലംകുഴി ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും മത്സരിക്കും.
അതേസമയം കൊച്ചി കോര്‍പറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുമടക്കമുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ മത്സരരംഗത്തുള്ള വിമതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു . പത്രിക പിൻവലിക്കാത്തവരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.
---------------
Hindusthan Samachar / Roshith K