Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 നവംബര്‍ (H.S.)
തിരുവനന്തപുരം: കടുവ സെൻസസിന് നിയുക്തരായ വനം വകുപ്പ് ജീവനക്കാർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ദേശ വ്യാപകമായി നടക്കുന്ന കടുവ സെൻസസിന്റെ ഭാഗമായി മൂവായിരത്തോളം വനം വകുപ്പ് ജീവനക്കാരെയാണ് കേരളത്തിന്റെ വനാന്തര ഭാഗങ്ങളിൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. ഡിസംബർ എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് അതിന്റെ സമയ ക്രമീകരണം എന്നാണ് മനസിലാക്കാൻ കഴിയുന്നത്. എട്ടാം തീയതി ചുമതല പൂർത്തിയാക്കി ഉൾക്കാടുകളിൽ നിന്ന് പുറത്തുവന്ന് ഒമ്പതാം തീയതി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രയാസമായിരിക്കും.
ഒന്നോ രണ്ടോ ദിവസം കൊണ്ട് കടുവകൾ കാടുവിട്ട് പോകില്ല എന്നിരിക്കെ സെൻസസ് തീയതി യുക്തിസഹമായി പുനഃക്രമീകരിക്കുന്നതാണ് ജനാധിപത്യ മര്യാദ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും വനം വകുപ്പ് മേധാവിക്കും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തുകൾ അയച്ചു.
---------------
Hindusthan Samachar / Sreejith S