Enter your Email Address to subscribe to our newsletters

New delhi, 24 നവംബര്‍ (H.S.)
കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവി ഡികെ ശിവകുമാറിന് നല്‍കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ശക്തമാക്കി. ശിവകുമാറിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൂന്നാമത്തെ സംഘം ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയില്‍ നിന്ന് ശിവകുമാറിന് കൈമാറണമെന്നാണ് ഡല്‍ഹിയിലെത്തിയ സംഘത്തിന്റെയും ആവശ്യം.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് എട്ടോളം നിയമസഭാംഗങ്ങള്‍ രാത്രി വൈകി തലസ്ഥാനത്ത് എത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണകാലാവധിയുടെ പകുതി പിന്നിട്ട സാഹചര്യത്തില്‍, ഏറെക്കാലമായി ചര്‍ച്ചയിലുള്ള അധികാര പങ്കിടല്‍ ഫോര്‍മുല നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ച എംഎല്‍എമാരുടെ രണ്ട് സംഘങ്ങള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.
2023 മെയ് മാസത്തില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ രണ്ടരവര്‍ഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറാമെന്ന് പാര്‍ട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ശിവകുമാറിനോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അധികാര പങ്കിടല്‍ സംബന്ധിച്ച വാഗ്ദാനം പാലിക്കണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം. അതേസമയം, നേതൃമാറ്റം സംബന്ധിച്ച് അത്തരം ആവശ്യങ്ങളോ ചര്‍ച്ചകളോ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ സിദ്ധരാമയ്യയും ശിവകുമാറും പരസ്യമായി തള്ളിക്കളഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ശിവകുമാര്‍, സിദ്ധരാമയ്യയോട് കൂറുള്ള മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.ജെ. ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ജ് നേരത്തെ സിദ്ധരാമയ്യയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയെയും ഖാര്‍ഗെയെയും കണ്ടിരുന്നു. നിലവിലെ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം ബെംഗളൂരുവില്‍ തന്നെ തുടരുകയാണ്. നേതൃമാറ്റത്തെക്കുറിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും നിലവില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും ഞായറാഴ്ച ഖാര്‍ഗെ പ്രതികരിച്ചു. സിദ്ധരാമയ്യയുമായി ബെംഗളൂരുവില്‍ വെച്ച് ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
---------------
Hindusthan Samachar / Sreejith S