Enter your Email Address to subscribe to our newsletters

Kannur, 24 നവംബര്‍ (H.S.)
പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുറ്റക്കാരന്‍. പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പയ്യന്നൂര്‍ കാറമേല്‍ വി.കെ. നിഷാദ്, വെള്ളൂര്‍ ടി.സി.വി. നന്ദകുമാര്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. കേസില്‍ രണ്ടുപേരെ വെറുതെ വിട്ടു. എ. മിഥുന്‍, കെ.വി. കൃപേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂര്‍ എസ്‌ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കില്‍ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്.
പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം ൈബക്കിലെത്തി. പൊലീസ് ഒച്ചവച്ചപ്പോള്‍ ഇവര്‍ക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു. എസ്എഫ്‌ഐ നേതാവായിരുന്ന നിഷാദാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ബോംബ് പൊട്ടാതെ പൊലീസ് സുരക്ഷിതമായി മാറ്റുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S