Enter your Email Address to subscribe to our newsletters

Kozhikode, 24 നവംബര്‍ (H.S.)
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം ഒഴിവാകാതെ കോഴിക്കോട് ജില്ലയിലെ സ്ഥാനാർഥികളും മുന്നണികളും. ചിലർ പത്രിക പിൻവലിച്ചപ്പോൾ വിമതരിൽ ഭൂരിഭാഗവും മത്സര രംഗത്ത് തുടരുകയാണ്. ആറ് പേർ പത്രിക നൽകിയ ഫറോക്ക് നഗരസഭയിലെ ആറാം വാർഡിൽ 5 പേർ പത്രിക പിൻവലിച്ചു. ഇവിടെ കോൺഗ്രസിലെ ഷാജി പാറശേരിയാണ് ഔദ്യോഗിക സ്ഥാനാർത്ഥി. ഫറോക്ക് നഗരസഭയിൽ തന്നെ 12, 32 ഡിവിഷനുകളിലും യുഡിഎഫിന് വിമത ശല്യം ഉണ്ട്. കുന്ദമംഗലം ബ്ലോക്ക് കാരശ്ശേരി ഡിവിഷനിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ നിന്ന വിമതന്മാരിൽ 3 പേർ പത്രിക പിൻവലിച്ചു. 2 വിമതർ മത്സരരംഗത്ത് തുടരും.
നാദാപുരം പഞ്ചായത്തിൽ സിപിഐക്ക് അനുവധിച്ച ഒന്നാം വാർഡിൽ സിപിഎം മത്സരിക്കും. ഇവിടെ സിപിഎം നേതാവ് വിമതനായി പത്രിക നൽകിയിരുന്നു. സിപിഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെയാണ് സീറ്റ് സിപിഎമ്മിലേക്ക് എത്തിയത്. കുന്നമംഗലം ബ്ലോക്ക് പൂവാട്ടുപ്പറമ്പ് ഡിവിഷനിൽ അനിത അനീഷ് വിമതയായി മത്സരിക്കും. കോൺഗ്രസ് നേതാവ് രമ്യ ഹരിദാസിന്റെ അമ്മ രാധ ഹരിദാസ് ആണ് ഇവിടെ ഔദ്യോഗിക സ്ഥാനാർത്ഥി.
അതേസമയം കോഴിക്കോട് നഗരസഭ ചാലപ്പുറം ഡിവിഷനിലേയും, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഊരത്ത് ഡിവിഷനിലേയും യുഡിഎഫ് വിമതർ പത്രിക പിൻവലിച്ചിട്ടില്ല. പെരുവയൽ, മാവൂർ പഞ്ചായത്തുകളിൽ യുഡിഎഫിനും, ഒളവണ്ണ പഞ്ചായത്തിൽ സിപിഎമ്മിനും വിമത സ്ഥാനാർത്ഥികൾ ഉണ്ട്.
---------------
Hindusthan Samachar / Roshith K