ഭക്തരുടെ ദാഹമകറ്റാന്‍ വാട്ടര്‍ അതോറിറ്റിയുടെ വിപുലമായ ക്രമീകരണം ,  സ്ഥാപിച്ചിരിക്കുന്നത് 193 കിയോസ്‌കുകള്‍
Sabarimala, 24 നവംബര്‍ (H.S.) ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ശുദ്ധമായ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതല്‍ സന്നിധാനത്തിന് തൊട്ടുമുന്‍പ് നടപ്പന്തല്‍ വര
sabarimala water


Sabarimala, 24 നവംബര്‍ (H.S.)

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ശുദ്ധമായ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റി ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതല്‍ സന്നിധാനത്തിന് തൊട്ടുമുന്‍പ് നടപ്പന്തല്‍ വരെയും നിലയ്ക്കലിലും അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് കുടിവെള്ള വിതരണം ഉറപ്പാക്കുന്നത്.

*ഹൈടെക് ശുദ്ധീകരണവും വിതരണവും

ഭക്തര്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനായി പമ്പ ത്രിവേണിയില്‍ മണിക്കൂറില്‍ 35,000 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള 13 എം.എല്‍.ഡി പ്രഷര്‍ ഫില്‍ട്ടര്‍ പ്ലാന്റ് സജ്ജീകരിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള യു.വി. (അള്‍ട്രാ വയലറ്റ്) ആര്‍.ഒ (റിവേഴ്സ് ഓസ്മോസിസ്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജലശുദ്ധീകരണം നടത്തുന്നത്.

പമ്പ മുതല്‍ നടപ്പന്തല്‍ വരെ 105 കുടിവെള്ള കിയോസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുടിവെള്ള വിതരണം തടസ്സരഹിതമാക്കാന്‍ വിവിധ ഇടങ്ങളിലായി പത്ത് ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ വഴി കുടിവെള്ളം ഓരോ കിയോസ്‌കുകളിലും സുഗമമായി എത്തുന്നു. കിയോസ്‌കുകളുടെ പരിപാലനവും കൃത്യമയി അധികൃതര്‍ ഉറപ്പാക്കുന്നുണ്ട്. ശബരിമലയില്‍ മാത്രം ഇതിനായി 80 താല്‍ക്കാലിക ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.

*ഉന്നത ഗുണനിലവാരം

വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഉന്നത ഗുണനിലവാരം ഉറപ്പാക്കാന്‍ അതോറിറ്റി കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്. പമ്പയില്‍ സജ്ജീകരിച്ചിട്ടുള്ള എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബ് വഴി കൃത്യമായ പരിശോധനകള്‍ക്കു ശേഷമാണ് കിയോസ്‌കുകളിലേക്ക് വെള്ളം എത്തിക്കുന്നത്.

*നിലയ്ക്കലില്‍ പുതിയ സംവിധാനം

പമ്പയെ ആശ്രയിക്കാതെ നിലയ്ക്കലിലെ വിതരണം ഇത്തവണ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. നേരത്തെ പമ്പയില്‍ നിന്ന് ടാങ്കറുകളില്‍ ജലമെത്തിച്ചാണ് വിതരണം നടത്തിയിരുന്നത്. എന്നാല്‍ സീതത്തോട്ടില്‍ പുതിയ പ്ലാന്റ് സ്ഥാപിച്ചതോടെ ഇവിടെ നിന്ന് നേരിട്ടാണ് ഇക്കുറി നിലയ്ക്കലിലേക്ക് വെള്ളം എത്തിക്കുന്നത്. 13 എം.എല്‍.ഡി. പ്ലാന്റാണ് ഇവിടെയും ജലശുദ്ധീകരണത്തിനായി ഉള്ളത്. മണിക്കൂറില്‍ 27,000 ലിറ്ററാണ് ശേഷി. നിലയ്ക്കലില്‍ 88 കിയോസ്‌കുകള്‍ വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ടാങ്കറുകള്‍ ഉപയോഗിക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നടപ്പന്തലിലും സന്നിധാനത്ത് വിവിധ ഭാഗങ്ങളിലും 'ശബരീ തീർത്ഥം' പദ്ധതി വഴി ദേവസ്വം ബോർഡ് നേരിട്ടു സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകൾ വഴിയാണ് കുടിവെള്ളം നൽകുന്നത്.

ഈ സമഗ്രമായ കുടിവെള്ള വിതരണ സംവിധാനം അയ്യപ്പഭക്തർക്ക് ഏറെ ആശ്വാസകരമാണ്.

---------------

Hindusthan Samachar / Sreejith S


Latest News