Enter your Email Address to subscribe to our newsletters

Kozhikode, 25 നവംബര്‍ (H.S.)
കോഴിക്കോട്: മാമി തിരോധാനം: തന്‍റെ വാപ്പയെ കണ്ടെത്തി തരണമെന്ന് ക്രൈംബ്രാഞ്ചിനോടും അധികാരികളോടും അപേക്ഷിച്ച് മകള്‍ അദീബ. തന്‍റെ ഉപ്പയെ കാണാതായിട്ട് രണ്ട് വർഷവും മൂന്ന് മാസവുമായി, ഉപ്പയ്ക്ക് എന്ത് പറ്റിയെന്ന് തനിക്കറിയണമെന്നും കേരള പൊലീസ് തുടക്കത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത് മുതല്‍ അലംഭാവം കാണിച്ചെന്നും മകള്‍ ആരോപിക്കുന്നു. ഉപ്പയുടെ കാര്യത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും ഒരു കൊല്ലമായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കേസില്‍ പുരോഗതി ഇല്ലെന്നും അദീബ പറഞ്ഞു.
2023 ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രിയെ കണ്ട കുടുംബം, കേസിൽ സിബിഐ അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ സംഘത്തലവനെ മാറ്റുകയാണുണ്ടായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, കേസിൽ എഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടുവെന്ന് പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മാമി തിരോധാനക്കേസിൽ അജിത് കുമാറിന് വ്യക്തമായ പങ്കുണ്ടെന്നാണ് അൻവർ പറഞ്ഞത്.
മാമിയുടെ മകളുടെ വാക്കുകള്‍
എന്‍റെ ഉപ്പയെ കാണാതായിട്ട് രണ്ടുകൊല്ലവും മൂന്ന് മാസവുമായി. ഉപ്പാനെ കാത്ത് ഇരിക്കുകയാണ് ഞങ്ങളെല്ലാവരും. ഉപ്പാക്ക് എന്താണെന്ന് പറ്റിയതെന്നോ എവിടെയൊണെന്നേ പോലും ഞങ്ങള്‍ക്ക് അറിയില്ല. അന്വേഷണത്തില്‍ പ്രശ്നമുണ്ടെന്ന് ആദ്യം നമ്മള്‍ പറഞ്ഞിരുന്നു. പൊലീസുകാരോട് സിസിടിവി വിഷ്വല്‍സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരത് എടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇനി അന്വേഷിക്കാന്‍ വരുന്നവര്‍ക്കായി എടുത്തുവക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ അവരുടെ കയ്യില്‍ ഉണ്ടെന്നാണ് പറഞ്ഞത്. പക്ഷേ അതൊന്നും അവര് എടുത്തിട്ടില്ല.
എന്‍റെ ഉപ്പാക്ക് എന്താണ് പറ്റിയതെന്ന് അറിയാന്‍ എനിക്ക് അവകാശമുണ്ട്. ഇതുവരെ ഒന്നും തെളിഞ്ഞിട്ടില്ല. ആരാണോ ഇതിന്‍റെ പിന്നിലുള്ളത് ദയവായി അവരൊന്ന് അറിയണം. ക്രൈംബ്രാഞ്ചിന് എന്തോ റിപ്പോര്‍ട്ട് കിട്ടാന്‍ ഉണ്ടെന്ന് പറയുന്നു. അതൊക്കെ ഒന്ന് വേഗത്തില്‍ ആക്കണം. അവരുടെ അന്വേഷണത്തിന് അത് സഹായിക്കും. ഒരുകൊല്ലം ആയിട്ട് അവരുടെ അന്വേഷണം മുന്നോട്ട് പോകുന്നില്ല. എന്‍റെ ഉപ്പയുടെ കാര്യത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ആദിബ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K