Enter your Email Address to subscribe to our newsletters

Kozhikode, 25 നവംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയതില്‍ നിലപാട് കടുപ്പിച്ച് സമസ്തയും മുജാഹിദ് വിഭാഗവും രംഗത്ത്. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കുമെന്ന് ഇകെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു.
ജമാഅത്ത് ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് യുഡിഎഫ് മുന്നണിയിലെത്തിച്ചതിന്റെ ദുരന്തം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളില്‍ ഒതുങ്ങില്ലെന്ന് സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്‌മത്തുളള സഖാഫി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമുള്ള ധാരണയില്‍ മുജാഹിദ് വിഭാഗവും കടുത്ത എതിര്‍പ്പിലാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫ് സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ ഈ ധാരണയ്‌ക്കെതിരെ സമസ്തയിലെ ഇരു വിഭാഗവും, മുജാഹിദ് മര്‍ക്കസ്സുദ്ദവ വിഭാഗവും കടുത്ത നിലപാടിലാണ്. ജമാഅത്ത് ഇസ്ലാമി അധികാര കേന്ദ്രത്തില്‍ വന്നാല്‍ സമുദായത്തിന് വലിയ പരിക്കേല്‍ക്കുമെന്നും, അതുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കുമെന്നും സമസ്ത ഇകെ വിഭാഗം നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ മുണ്ടുപാറ പറഞ്ഞു.
യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയ്‌ക്കെതിരെ സമസ്ത കാന്തപുരം വിഭാഗവും കടുത്ത എതിര്‍പ്പിലാണ്. ജമാഅത്ത് ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് ചില യുഡിഎഫ് നേതാക്കള്‍ മുന്നണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ ദുരന്തം വിജയ പരാജയങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും സമസ്ത കാന്തപുരം വിഭാഗം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുളള സഖാഫി എളമരം വ്യക്തമാക്കി.
കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ റഹ്‌മത്തുള്ള സഖാഫി എഴുതിയ ലേഖനത്തില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ടി ധാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. ജമാഅത്ത് ഇസ്ലാമിയുമായല്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് ധാരണയെന്ന യുഡിഎഫ് വാദം, ആര്‍എസ്എസുമായല്ല ബിജെപിയുമായാണ് സഖ്യം എന്ന് പറയുന്നത് പോലെയാണെന്ന് റഹ്‌മത്തുള്ള സഖാഫി വ്യക്തമാക്കി.
യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയ്‌ക്കെതിരെ മുജാഹിദ് വിഭാഗവും രംഗത്തുണ്ട്. ധാരണ നീതികരിക്കാനാകാത്തതാണെന്ന് മുജാഹിദ് മര്‍ക്കസ്സുദ്ദവ സംസ്ഥാന സെക്രട്ടറി ഐപി അബ്ദുള്‍സലാം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയ്‌ക്കെതിരെ സമസ്ത - മുജാഹിദ് വിഭാഗങ്ങള്‍ രംഗത്ത് വന്നത് യുഡിഎഫില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ധാരണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്ന വാര്‍ഡുകളില്‍ ഇത് തിരിച്ചടിയാകുമെന്നും ഇവര്‍ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ അനുനയ നീക്കങ്ങളും സജീവമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR