Enter your Email Address to subscribe to our newsletters

Ernakulam, 25 നവംബര്‍ (H.S.)
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായിരുന്ന പി.ടി. തോമസിനെ മൊഴി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാൻ ചിലർ ശ്രമിച്ചതായി അദ്ദേഹത്തിന്റെ ഭാര്യയും എം.എല്‍.എയുമായ ഉമാ തോമസിന്റെ വെളിപ്പെടുത്തല്‍.
മൊഴി നല്‍കേണ്ടതില്ലെന്നും, നല്‍കുകയാണെങ്കില്‍ അതിന്റെ ശക്തി കുറയ്ക്കണമെന്നും ചിലർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, താൻ യാതൊന്നും കൂട്ടിച്ചേർക്കുകയോ കുറച്ച് പറയുകയോ ചെയ്യില്ലെന്നായിരുന്നു പി.ടി. തോമസിന്റെ നിലപാടെന്ന് ഉമാ തോമസ് പറഞ്ഞു.
ഡിസംബർ എട്ടിന് കേസില്‍ വിധി വരുമെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. വിധി വരുന്ന കാര്യം ഓർത്തപ്പോള്‍ പി.ടി.ക്ക് ആ ദിവസമുണ്ടായ അസ്വസ്ഥതയാണ് എന്റെ മനസ്സില്‍ വന്നത്. വീട്ടിലെത്തി കിടന്നയുടനെയാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഒരു അത്യാവശ്യ കാര്യത്തിന് പുറത്തുപോയി വരാമെന്ന് പറഞ്ഞ് അദ്ദേഹം പെട്ടെന്ന് ഇറങ്ങി. സാധാരണ പോകുന്ന സ്ഥലങ്ങളെക്കുറിച്ചോ, എന്തിനാണ് പോകുന്നതെന്നോ അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നാല്‍ അന്ന് ഒരു അത്യാവശ്യമാണെന്ന് മാത്രമാണ് പറഞ്ഞത്.
പോയി തിരിച്ചുവന്നപ്പോള്‍ പി.ടി. വളരെയധികം അസ്വസ്ഥനായിരുന്നു. അന്നദ്ദേഹം ഒട്ടും ഉറങ്ങിയില്ല, എരിപിരി കൊള്ളുന്നത് പോലെയായിരുന്നു. സ്വന്തം മകള്‍ക്ക് സംഭവിച്ചതുപോലുള്ള വേദനയായിരുന്നു ആ മുഖത്ത്. അന്ന് അതിരാവിലെ തന്നെ അദ്ദേഹം ആലപ്പുഴയിലേക്ക് പോയി. അവിടെ ഉപവാസമിരിക്കുകയായിരുന്ന രമേശ് ചെന്നിത്തലയെ വിവരമറിയിച്ചു. അങ്ങനെയാണ് കേരളം മുഴുവൻ സംഭവം അറിയുന്നത്.
പി.ടി. അപ്പോള്‍ത്തന്നെ ആ നടിയെ ആശ്വസിപ്പിച്ചു. ഇനിയൊരു പെണ്‍കുട്ടിക്കും ഇത് സംഭവിക്കരുത്, ധീരമായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.യുടെ ഫോണില്‍നിന്നാണ് അദ്ദേഹം ഐ.ജി.യെ വിളിച്ചു കൊടുത്തത്. ട്രെയിൻ യാത്രയിലായിരുന്ന ഐ.ജി. കുട്ടിയുമായി സംസാരിച്ചു. ആ കുട്ടി ഫോണിലൂടെ എല്ലാ കാര്യങ്ങളും ഐ.ജി.യോട് പറഞ്ഞു. ധൈര്യമായി മുന്നോട്ട് പോകാനും, സത്യം പുറത്തുവരുമെന്നും പി.ടി. കുട്ടിയോട് ആത്മധൈര്യം നല്‍കി.
മൊഴികൊടുക്കാൻ പോയപ്പോള്‍ പി.ടി.ക്ക് ചില ദുരനുഭവങ്ങളുണ്ടായി. മൊഴി കൊടുക്കേണ്ട എന്നൊരു പക്ഷമുണ്ടായിരുന്നു. മൊഴി ശക്തമാകരുതെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. പല ഇടപെടലുകളും ആ സമയത്ത് ഉണ്ടായി. പക്ഷേ, അതിന് പി.ടി. നല്‍കിയ മറുപടി, താൻ ഒന്നും കൂട്ടിച്ചേർക്കില്ല, എന്നാല്‍ ഒന്നും കുറച്ച് പറയാനും തയ്യാറല്ല എന്നായിരുന്നു. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇടപെടലുകള്‍ നടത്തിയവർ പലരുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് അദ്ദേഹം എപ്പോഴും പറഞ്ഞിട്ടുള്ളത്, ഉമാ തോമസ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു മുൻ എം.എല്‍.എയായിരുന്ന പി.ടി. തോമസ്. അതിക്രമത്തിന് ശേഷം നടിയെ ആദ്യം കണ്ടവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR