Enter your Email Address to subscribe to our newsletters

Palakkad, 25 നവംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഒരേ കാര്യത്തിൽ രണ്ട് നടപടി എടുക്കാൻ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണ്. കോൺഗ്രസ് ഏകകണ്ഠമായി തീരുമാനമെടുത്തതാണ് ഈ വിഷയത്തിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽ പ്രചാരണത്തിന് ഇറങ്ങിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് കെപിസിസി അധ്യക്ഷനോട് ചോദിക്കണം ഞാനല്ല മറുപടി പറയേണ്ടതെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. കൂടുതൽ നടപടി ഉണ്ടാകുമോ എന്ന് പറയാൻ താൻ ആളല്ല. സംഘടനാപരമായ വിഷയങ്ങൾ കെപിസിസി അധ്യക്ഷനോടാണ് ചോദിക്കേണ്ടത്. നിങ്ങൾ ആഗ്രഹിക്കുന്ന മറുപടി എൻ്റെ കൈയ്യിൽ നിന്നും കിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ഈ വിഷയത്തിൽ കോൺഗ്രസ് നടപടിയെടുത്തതാണെന്നും സ്വർണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായിട്ടും നടപടിയെടുക്കാത്ത ആളുകളോട് പോയി ചോദിക്കുവെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സിപിഐഎം ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ എന്താണ് മിണ്ടാത്തതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് മറുചോദ്യം ചോദിക്കുകയും ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ലൈംഗിക ആരോപണ വിവാദം ഉയർന്ന സമയം മുതൽ രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമെല്ലാം ഉറച്ചു നിന്നിരുന്നുവെങ്കിലും എതിർപ്പുകളെല്ലാം മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാവുകയായിരുന്നു. പുതിയ ഓഡിയോ കൂടെ പുറത്തു വന്നതോടെ കോൺഗ്രസ് കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. നിയമപരമായ പരാതിയും നടപടികളും ഉണ്ടായാൽ പുറത്താക്കൽ അടക്കം നടപടി ഉണ്ടായേക്കുമെന്ന് കെ.മുരളീധരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR