Enter your Email Address to subscribe to our newsletters

Alappuzha, 25 നവംബര്‍ (H.S.)
വീട്ടിലെ കുളിമുറിയില്‍ വഴുതിവീണ് വലതുകാലിന് പരുക്കേറ്റ് ചികില്‍സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍ നാളെ ആശുപത്രി വിടും. സുധാകരന്‍ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവച്ചത്. ആറാഴ്ച കാലിന് പരിപൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നും വിശ്രമം നന്നായി ആവശ്യമുള്ളതിനാല്‍ സന്ദർശനം പരമാവധി ഒഴിവാക്കണം എന്നും അദ്ദേഹം പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.
നവംബര്‍ 22നാണ് വീട്ടിലെ ശുചിമുറിയില്‍ വീണ് വലതു കണങ്കാലിൽ ഒടിവുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സാഗര ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിദഗ്ധ ചികിത്സയ്‌ക്ക് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓർത്തോ സർജൻ ഡോ. മാത്യു വർഗീസിന്‍റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി, എസ്.രാമചന്ദ്രൻ പിള്ള, വെള്ളാപ്പള്ളി നടേശൻ, സി.രവീന്ദ്രനാഥ്, ആരിഫ് തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. കൂടാതെ എം.വി.ഗോവിന്ദൻ, തോമസ് ഐസക്, സി.എസ്.സുജാത, സജി ചെറിയാൻ തുടങ്ങി നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ സന്ദര്‍ശി്കുകയും ചെയ്തിരുന്നു.
സന്ദർശകരുടെ ആധിക്യം ആശുപത്രി അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലായെന്നും ആശുപത്രിയിലെ ആറാഴ്ച വിശ്രമം നന്നായി ആവശ്യമാണ് എന്ന് ഡോക്ടർമാരുടെ നിർദ്ദേശവുമുള്ളതിനാല്‍ സന്ദർശനം പരമാവധി ഒഴിവാക്കണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
---------------
Hindusthan Samachar / Roshith K