Enter your Email Address to subscribe to our newsletters

Kochi, 25 നവംബര്‍ (H.S.)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടു വര്‍ഷത്തിന് ശേഷം വഇിധി വരുന്നു. കേസിന്റെ വിധി ഡിസംബര്‍ 8 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രഖ്യാപിക്കും. ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ആണ്. പ്രമുഖ നടനായ ദിലീപാണ് കേസില്‍ എട്ടാം പ്രതി. 2017 ഫെബ്രുവരിയില്‍ കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവനടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാവുകയും, അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയതുമാണ് കേസിനാസ്പദമായ സംഭവം.
2017 ഫെബ്രുവരി 17-ന് അതിക്രമം നടന്നതിന് പിന്നാലെ ഡ്രൈവര്‍ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനിയെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2017 ജൂലൈ 10ന് ഗൂഢാലോചന കുറ്റം ചുമത്തി നടന്‍ ദിലീപ് അറസ്റ്റിലായി.2017 ഒക്ടോബര്‍ 3ന് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.
2021 ഡിസംബറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗപ്രവേശം ചെയ്തതോടെ കേസില്‍ വഴിത്തിരിവുണ്ടായി. ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ പോലീസ് ദിലീപിനെതിരെ തുടരന്വേഷണം ആരംഭിച്ചു. 2022 ഒക്ടോബറില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ച് കുറ്റപത്രത്തിന്റെ ഭാഗമാക്കി.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും കേസില്‍ വഴിത്തിരിവായിരുന്നു. വിചാരണക്കിടെ പല സാക്ഷികള്‍ കൂറുമാറിയതും പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറിയതും കേസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ആറര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും നിരവധി തവണ വിചാരണ സമയം നീട്ടി നല്‍കിയതിനും ഒടുവിലാണ് കേസില്‍ അന്തിമ വിധി വരുന്നത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്ത് തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. പ്രത്യേക കോടതി വിധി പ്രസ്താവിക്കുമ്പോള്‍, നീതിക്കുവേണ്ടിയുള്ള അതിജീവിതയുടെ പോരാട്ടത്തില്‍ ഈ വിധി നിര്‍ണായകമാകും.
---------------
Hindusthan Samachar / Sreejith S